മനുഷ്യന്‍ മനുഷ്യനോട് മാപ്പ് പറയുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല, പക്ഷേ ദീപ നിശാന്ത് സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും: എസ് കലേഷ്

എസ് കലേഷ്, ദീപ നിശാന്ത്, S Kalesh, Deepa Nishanth
BIJU| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (21:54 IST)
എസ് കലേഷിന്‍റെ കവിത ദീപ നിശാന്ത് കോപ്പിയടിച്ചോ എന്ന ചോദ്യമാണ് ഇന്ന് മലയാള സാഹിത്യലോകത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇത് സംബന്ധിച്ച് എസ് കലേഷിന്‍റെ പ്രതികരണം ഇപ്പോള്‍ വിവാദത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നു. ദീപ നിശാന്ത് സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് എസ് കലേഷ് ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം:

എനിക്കത് വലിയ ഞെട്ടലുണ്ടാക്കി. കേരളത്തിലെ വലിയ സെലിബ്രിറ്റിയായി നില്‍ക്കുന്നയാള്‍ ഇങ്ങനെ ചെയ്യുമോ? ദീപ നിശാന്തിനോട് എതിരഭിപ്രായമുള്ളവര്‍ അവര്‍ക്കെതിരെ ഉപയോഗിച്ചതാവാം എന്നാണ് ഞാന്‍ കരുതിയത്. അവരുടെ പ്രതികരണത്തിനായി ഞാന്‍ വെയ്റ്റ് ചെയ്തു.

ഇന്നലെ വൈകുന്നേരത്തോടെ ഇത് അവരുടെ കവിതയാണെന്നും മറ്റും ചില അവ്യക്തത കലര്‍ന്ന മറുപടിയാണ് ലഭിച്ചത്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. 2011 മാര്‍ച്ച് നാലിന് എന്‍റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കവിതയാണ്. പിന്നീട് അത് മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്നു.

അതുകഴിഞ്ഞ് സി എസ് വെങ്കിടേശ്വരന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. ഈ കവിത പിന്നീട് ഞാന്‍ എ ഐ ആറില്‍ വായിച്ചിട്ടുണ്ട്. അങ്ങനെ നന്നായി വായിക്കപ്പെട്ട ഒരു കവിതയാണ്. ഒരുപാടുപേര്‍ വായിച്ച് നല്ല അഭിപ്രായം രൂപപ്പെട്ട കവിതയാണ്. അങ്ങനെ പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കവിത എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എന്‍റേതാണെന്ന് എനിക്കുതന്നെ സ്ഥാപിക്കേണ്ടിവരികയാണ്. അതൊരു കവിയെ സംബന്ധിച്ച് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്.

ഇത് ചെയ്ത ആളാണെങ്കില്‍ വളരെ ചിരിച്ച് കൂളായി പ്രതികരിക്കുന്നു. ഡി സി ബുക്സ് പുറത്തിറക്കിയ ശബ്ദമഹാസമുദ്രം എന്ന എന്‍റെ കവിതാസമാഹാരത്തില്‍ ഈ കവിത ഉള്‍പ്പെട്ടിട്ടുണ്ട്. ഞാന്‍ തെളിവുമായി ഇനി ആരെയാണ് സമീപിക്കേണ്ടത്?
ഇത് എന്നെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. കേരളത്തിലെ കവികളെയും എഴുത്തുകാരെയും ബാധിക്കുന്ന കാര്യമാണ്. അവര്‍ വളരെ സൂക്ഷ്മമായി നടത്തുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് എഴുത്ത്. ആ പ്രവര്‍ത്തിയെ റദ്ദ് ചെയ്തുകൊണ്ടാണ് ഈ കോപ്പിയടി നടക്കുന്നത്.

അത് ചൂണ്ടിക്കാണിക്കുമ്പോള്‍ അത് അപ്പാടെ നിഷേധിച്ചുകൊണ്ട് മുന്നോട്ടുപോവുകയാണ്. അത് വളരെ വേദനയുളവാക്കുന്ന കാര്യമാണ്. ഒരു പുരുഷന്‍റെ കാഴ്ചപ്പാടിലുള്ള കവിതയാണത്. ഇവര്‍ ചെയ്തത്, അത് സ്ത്രീയുടെ നരേഷനിലുള്ള കവിതയാക്കി അതിനെ മാറ്റി. അങ്ങനെ അത് മാറ്റുമ്പോള്‍ തന്നെ പുരുഷന്‍റെ ആ പ്രശ്നങ്ങള്‍ എങ്ങനെയാണ് സ്ത്രീയുടേതായി മാറുന്നത്? കവിത വളരെ സൂക്ഷ്മമായ ഒരു മീഡിയമല്ലേ?

ചില വരികള്‍ ആ കവിതയില്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്. അതെങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ കഴിയുക? നമ്മള്‍ അത്രത്തോളം സൂക്ഷ്മമായാണ് ഓരോ വാക്കും ഒരു കവിതയില്‍ ചേര്‍ക്കുന്നത്. മലയാളത്തിലെ വായനക്കാരോടും കവികളോടും അവര്‍ ചെയ്യേണ്ടത് സത്യം തുറന്നുപറയുക എന്നതാണ്. എന്‍റെ കവിതയാണെന്ന് അവര്‍ സമ്മതിക്കട്ടെ. അതല്ലേ അവര്‍ ചെയ്യേണ്ട മിനിമം മര്യാദ?

ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് ഞാന്‍ ഇത് തുറന്നുപറഞ്ഞത്. ഇത് പറയണമെന്ന് ആഗ്രഹിച്ച ഒരാളല്ല ഞാന്‍. അത് അവരുടെ കവിതയാണെന്ന രീതിയിലുള്ള പ്രതികരണം വന്നപ്പോഴാണ് എനിക്ക് തുറന്നുപറയേണ്ടി വന്നത്.

കവിതയെ ഗൌരവമായി കാണുന്ന പല നിരൂപകരും ഈ കവിതയെ വച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ നിലയിലുള്ള ഒരു കവിത എഴുതിയിട്ട് അത് തന്‍റേതാണെന്ന് പറയുവാന്‍ കവിക്ക് വീണ്ടും വരേണ്ട അവസ്ഥ എന്നെ സംബന്ധിച്ച് ഏറെ വേദനയുളവാക്കുന്നു. ഒരു മലയാളം അധ്യാപികയാണ് ഇത് ചെയ്തിട്ട് വളരെ ലാഘവത്തോടെ സംസാരിച്ചത്. മലയാള കവിതയുടെ ചരിത്രം പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്ന ഒരാള്‍ ആണ് അവര്‍.

അവര്‍ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. മനുഷ്യന്‍ മനുഷ്യനോട് മാപ്പ് പറയുന്നതിനോടൊന്നും എനിക്ക് യോജിപ്പില്ല. പക്ഷേ അതെന്‍റെ കവിതയാണെന്നെങ്കിലും അവര്‍ പറയണം. ഒരു മലയാളം അധ്യാപിക എന്ന നിലയില്‍ അത് മലയാള ഭാഷയോട് അവര്‍ പുലര്‍ത്തേണ്ട കടമയാണ്. പല മുതിര്‍ന്ന എഴുത്തുകാരും എന്‍റെ സമകാലികരുമെല്ലാം എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലുള്ളവര്‍ വിളിച്ചു. ഈ വിഷയത്തില്‍ അവരെല്ലാം എനിക്ക് പിന്തുണ അറിയിച്ചു. അതെന്‍റെ കവിതയ്ക്ക് കിട്ടുന്ന അംഗീകാരമാണ്. ഞാനെഴുതിയ കവിതയുടെ സത്യസന്ധത കൊണ്ടായിരിക്കുമല്ലോ അവരൊക്കെ എന്നെ പിന്തുണയ്ക്കുന്നത്.

അവര്‍ സത്യം തുറന്നുപറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. അത് വിഷമമുള്ള സംഗതിയാണെങ്കിലും അത് തന്നെ ചെയ്യേണ്ടി വരും.

ഉള്ളടക്കത്തിന് കടപ്പാട്: ന്യൂസ് 18



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :