ചട്ടമ്പിനാട്‌ ഒന്നാമത്; സ്വര്‍ഗം തൊട്ടുപിന്നില്‍

WEBDUNIA|
PRO
ക്രിസ്മസ് റിലീസുകളില്‍ മമ്മൂട്ടിച്ചിത്രമായ ‘ചട്ടമ്പിനാട്’ ഒന്നാം സ്ഥാനത്തെത്തി. ഗംഭീരമായ ഇനിഷ്യല്‍ കളക്ഷന്‍ നേടിയ സിനിമ രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചു കഴിഞ്ഞു. 82 കേന്ദ്രങ്ങളില്‍ റിലീസായ ഈ സിനിമ പഴശ്ശിരാജയ്ക്ക് ശേഷം ഏറ്റവും വലിയ ഇനിഷ്യല്‍ നേടിയ ചിത്രമാണ്. മമ്മൂട്ടിയുടെ കന്നഡ ഡയലോഗുകള്‍ക്ക് തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയാണ്. ഷാഫി വീണ്ടും വിജയചരിത്രമെഴുതുകയാണ് ചട്ടമ്പിനാടിലൂടെ.

മോഹന്‍ലാലിന്‍റെ ‘ഇവിടം സ്വര്‍ഗമാണ്’ കുടുംബപ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. വരവേല്‍പ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകള്‍ പോലെ തിയേറ്ററുകളില്‍ നന്‍‌മയുള്ള നര്‍മ്മം വിതറുകയാണ് ഈ ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്‍റെ മികച്ച സംവിധാനവും ജയിംസ് ആല്‍‌ബര്‍ട്ടിന്‍റെ ഇഴയടുപ്പമുള്ള തിരക്കഥയും മോഹന്‍ലാലിന്‍റെ അയത്നലളിതമായ പ്രകടനവുമാണ് ചിത്രത്തിന്‍റെ വിജയകാരണം. ഇവിടം സ്വര്‍ഗമാണ് ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്.

പഴശ്ശിരാജയാണ് മൂന്നാം സ്ഥാനത്ത്. മലയാള സിനിമയുടെ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമോ എന്നും നിശ്ചയമില്ല. പഴശ്ശിരാജ എന്ന അത്ഭുതം കേരളക്കര കീഴടക്കി മുന്നേറുകയാണ്. ക്രിസ്മസ് - പുതുവത്സരത്തിന്‍റെ ആഘോഷലഹരിയില്‍ പഴശ്ശി കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രമാണ്.

ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു മമ്മൂട്ടിച്ചിത്രം തന്നെയാണ്. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന രഞ്ജിത് സിനിമ. അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഗുലുമാല്‍’ അഞ്ചാം സ്ഥാനത്താണ്. ആദ്യമായാണ് വി കെ പിയുടെ ഒരു ചിത്രത്തിന് ഇത്രയേറെ പ്രേക്ഷകപ്രീതി ലഭിക്കുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമാശകളുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ‘ബ്ലഫ് മാസ്റ്റര്‍’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ അനുകരണമാണെങ്കിലും അതൊന്നും ജനത്തിരക്കിനെ ബാധിക്കുന്നില്ല. നീലത്താമര, മൈ ബിഗ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :