ചട്ടമ്പിനാട് തകര്‍പ്പന്‍ വിജയം

WEBDUNIA|
PRO
ചട്ടമ്പിനാട് തരംഗമാകുകയാണ്. അതിഗംഭീരമായ ഇനിഷ്യല്‍ കളക്ഷനു ശേഷം, മുടക്കുമുതല്‍ ആദ്യനാളുകളില്‍ തന്നെ തിരിച്ചുപിടിച്ച ശേഷം, ഈ ചട്ടമ്പി തന്നെ നാടു ഭരിക്കുന്നു. സംവിധായകന്‍ ഷാഫിയുടെ ഏറ്റവും വലിയ വിജയചിത്രമായി ചട്ടമ്പിനാട് മാറിക്കഴിഞ്ഞു. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ് ഫുള്ളായാ‍ണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. സിനിമയുടെ കഥയും പശ്ചാത്തലവുമെല്ലാം രാജമാണിക്യത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ സിനിമ പക്ഷേ രാജമാണിക്യത്തേക്കാള്‍ കളക്ഷന്‍ നേടുമെന്നാണ് സൂചന.

ഈ വാരം തമിഴ്നാട്ടിലും ചട്ടമ്പിനാട്‌ റിലീസ് ചെയ്തു. ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചട്ടമ്പിനാടിന് മികച്ച വരവേല്‍പ്പാണ് ചെന്നൈയിലെ തിയേറ്ററുകളിലും ലഭിക്കുന്നത്. മോഹന്‍ലാലിന്‍റെ ഇവിടം സ്വര്‍ഗമാണ് ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നു. അടുത്ത കാലത്തുണ്ടായ ഏറ്റവും നല്ല സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മോഹന്‍ലാല്‍ എന്ന നടന്‍റെ അനായാസമായ അഭിനയ ശൈലി എത്രവേണമെങ്കിലും ആസ്വദിക്കാം ഈ ‘സ്വര്‍ഗ’ത്തില്‍.

‘ഇവിടം സ്വര്‍ഗമാണ്’ കളിക്കുന്ന തിയേറ്ററുകളില്‍ കുടുംബപ്രേക്ഷകര്‍ ഇരച്ചുകയറുകയാണ്. വരവേല്‍പ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകള്‍ പോലെ തിയേറ്ററുകളില്‍ നന്‍‌മയുള്ള നര്‍മ്മം വിതറുന്ന ഈ ചിത്രത്തിന് റോഷന്‍ ആന്‍ഡ്രൂസിന്‍റെ മികച്ച സംവിധാനവും ജയിംസ് ആല്‍‌ബര്‍ട്ടിന്‍റെ ഇഴയടുപ്പമുള്ള തിരക്കഥയും ഗുണമായി.

മമ്മൂട്ടി - എം ടി - ഹരിഹരന്‍ ടീമിന്‍റെ പഴശ്ശിരാജയാണ് മൂന്നാം സ്ഥാനത്ത്. ബി, സി സെന്‍ററുകളിലും പഴശ്ശിരാജ മികച്ച കളക്ഷനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നതാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കിത്തീര്‍ത്തത്. ഹിറ്റ്ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ഒരു മമ്മൂട്ടിച്ചിത്രം തന്നെയാണ്. ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ എന്ന രഞ്ജിത് സിനിമ. അഹമ്മദ് ഹാജി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഗുലുമാല്‍’ അഞ്ചാം സ്ഥാനത്താണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും തമാശകളുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ‘ബ്ലഫ് മാസ്റ്റര്‍’ എന്ന ഹിന്ദിച്ചിത്രത്തിന്‍റെ അനുകരണമാണെങ്കിലും അതൊന്നും ജനത്തിരക്കിനെ ബാധിക്കുന്നില്ല.

കന്‍‌മഴ പെയ്യും മുമ്പേ, ബ്ലാക്ക് സ്റ്റാലിയണ്‍ എന്നിവയാണ് പുതിയ റിലീസുകള്‍. നമിതയുടെ ആദ്യ മലയാള ചിത്രമായ ബ്ലാക്ക് സ്റ്റാലിയണ്‍ പക്ഷേ മോശം പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :