Last Modified ബുധന്‍, 4 ജനുവരി 2017 (20:17 IST)
‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളില്‍ ഒന്നാണ്. എല്ലാവരും അഭിനന്ദിച്ചപ്പോഴും ആ സിനിമയെക്കുറിച്ച് ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളെക്കൊണ്ട് മതില്‍ ചാടിച്ചു എന്നായിരുന്നു ഒരു വിമര്‍ശനം.
ആ സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായ ചില സംഭവങ്ങളും അരങ്ങേറിയതോടെ ഫാസിലിന് നേരെ വിമര്‍ശനം ശക്തമായി. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഫാസില്‍ മറുപടി പറഞ്ഞത് ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ്.
മാതാപിതാക്കളുടെ സ്നേഹത്തിന്‍റെ വിലയറിയുന്നവരാണ് മക്കളെന്ന് ലോകത്തോട് വിളിച്ചുപറയുന്ന സിനിമയായിരുന്നു അനിയത്തിപ്രാവ്. സൂര്യപുത്രിയിലൂടെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്കെല്ലാം അനിയത്തിപ്രാവിലെ ശാലിനിയിലൂടെ ഫാസിലിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞു. ഓരോ കുടുംബവും ആഗ്രഹിച്ചുപോകുന്ന സ്വഭാവവിശേഷങ്ങളുള്ള കഥാപാത്രമായിരുന്നു ശാലിനി ആ സിനിമയില്‍ അവതരിപ്പിച്ച മിനി.
അനിയത്തിപ്രാവ് വന്‍ ഹിറ്റായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും ചരിത്രവിജയം. നന്‍മയുടെയും സ്നേഹത്തിന്‍റെയും കഥ അങ്ങനെ ഭാഷകള്‍ക്കതീതമായ ആഘോഷമായി മാറി.