മോഹന്‍ലാല്‍ ചിത്രം ‘ചിത്രപ്പൂട്ട്’, പാട്ടുകേട്ടപ്പോള്‍ സംവിധായകന് മനം‌മാറ്റം!

മോഹന്‍ലാല്‍, ഫാസില്‍, മധു മുട്ടം, മണിച്ചിത്രത്താഴ്, ശോഭന, Mohanlal, Fazil, Madhu Muttam, Manichithrathazhu, Shobhana
BIJU| Last Modified വ്യാഴം, 3 ജനുവരി 2019 (14:52 IST)
മണിച്ചിത്രത്താഴ് എന്ന സിനിമ എക്കാലത്തെയും അത്ഭുതമാണ്. ഒരിക്കലും മടുക്കാത്ത ചിത്രങ്ങളുടെ പട്ടികയിലാണ് ആ ഫാസില്‍ ചിത്രത്തിന്‍റെ സ്ഥാനം. പടം റിലീസായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ സിനിമയുടെ ഒരു സീന്‍ എവിടെയെങ്കിലും കാണാനിടയായാല്‍ സിനിമ മുഴുവന്‍ തീരുന്നതുവരെ കാണാനാണ് ഏവരും ശ്രമിക്കുക. അത് മധുമുട്ടം എഴുതിയ തിരക്കഥയുടെയും ഫാസില്‍ എന്ന സംവിധായകന്‍റെ കൈയടക്കത്തിന്‍റെയും വിരുതാണ്.

‘ചിത്രപ്പൂട്ട്’ എന്നാണ് സിനിമയ്ക്ക് ആദ്യം പേര് നിശ്ചയിച്ചിരുന്നത്. ആ പേര് ഏതാണ്ട് നിശ്ചയിച്ച് കഴിഞ്ഞ സമയം. അപ്പോഴാണ് ബിച്ചു തിരുമല ഈ സിനിമയുടെ ഒരു ഗാനം എഴുതി ഫാസിലിന് നല്‍കിയത്. മലയാളം പാട്ടാണ്. ഇത് തമിഴിലേക്ക് മൊഴിമാറ്റം നടത്തി ശോഭനയുടെ നൃത്തത്തിന് ഉപയോഗിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പാട്ട് സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ ഈണമിട്ട് കേട്ടപ്പോള്‍ ഫാസിലിന് ആശയക്കുഴപ്പമായി. ഈ പാട്ട് ശോഭനയുടെ നൃത്തത്തിന് വേണ്ട. ഇത് യേശുദാസ് തന്നെ പാടണം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സണ്ണിയുടെ മനസിന്‍റെ സംഘര്‍ഷങ്ങള്‍ പകര്‍ത്താന്‍ പറ്റിയ പാട്ടാണ്. ‘പഴം‌തമിഴ് പാട്ടിഴയും’ എന്ന ആ ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി. ആ പാട്ടിലെ ഒരു വരിയില്‍ നിന്നാണ് ‘മണിച്ചിത്രത്താഴ്’ എന്ന വാക്ക് ഫാസിലിന് ലഭിക്കുന്നത്. ചിത്രപ്പൂട്ട് എന്ന പേര് മാറ്റി മണിച്ചിത്രത്താഴ് എന്ന് അപ്പോള്‍ തന്നെ ചിത്രത്തിന് പേരിട്ടു.

മണിച്ചിത്രത്താഴ് റിലീസ് ഡേറ്റ് തീരുമാനിച്ച് ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ്. അതുകൊണ്ടുതന്നെ ഒരു ടൈം പിരീഡില്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ രണ്ട് യൂണിറ്റായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു യൂണിറ്റിന്‍റെ ചിത്രീകരണത്തിന് ഫാസില്‍ നേതൃത്വം നല്‍കുമ്പോള്‍ രണ്ടാമത്തെ യൂണിറ്റില്‍ സംവിധായകരായി സിദ്ദിക്ക് - ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഒരേ ലൊക്കേഷനില്‍ തന്നെയായിരുന്നു രണ്ട് യൂണിറ്റും പ്രവര്‍ത്തിച്ചത്.

സിദ്ദിക്ക് - ലാല്‍ ടീം ചിത്രീകരിച്ചത് മണിച്ചിത്രത്താഴിലെ കോമഡി രംഗങ്ങളാണ്. ഇന്നസെന്‍റ്, ഗണേഷ്, കെ പി എ സി ലളിത തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കോമഡി രംഗങ്ങളായിരുന്നു സിദ്ദിക്കും ലാലും ഷൂട്ട് ചെയ്തത്. ആ സീനുകള്‍ ഇന്നും ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഇത്രയും സംവിധായകര്‍ വര്‍ക്ക് ചെയ്ത സിനിമയാണെങ്കിലും ഒരു സീന്‍ പോലും യോജിക്കാതെ വന്നില്ല. അതിന് കാരണം ഫാസിലിന്‍റെ മേക്കിംഗ് രീതി ഏവര്‍ക്കും അറിയാമായിരുന്നു എന്നതുകൊണ്ടാണ്.

സിബി മലയിലിന്‍റെയും സിദ്ദിക്ക് - ലാലിന്‍റെയും ഗുരുവാണ് ഫാസില്‍. തന്‍റെ മാനസഗുരുവായാണ് ഫാസിലിനെ പ്രിയദര്‍ശന്‍ കാണുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലുള്ള ചേര്‍ച്ച മണിച്ചിത്രത്താഴിന് ഗുണമായി. ആരൊക്കെ ഏതൊക്കെ സീനുകളാണ് എടുത്തതെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ചേര്‍ന്നുകിടക്കുന്നതാണ് ആ സിനിമയിലെ ഓരോ രംഗങ്ങളും.

രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന സണ്ണി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ ഏറ്റെടുക്കുമോ എന്ന സംശയം ഫാസിലിനുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ വായിച്ച മോഹന്‍ലാല്‍ അപ്പോള്‍ തന്നെ തന്‍റെ സമ്മതമറിയിച്ചു. മോഹന്‍ലാല്‍ വന്നതോടെ സണ്ണി എന്ന കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കുകയും ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു ഫാസില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :