ഇതുമതി, ഇത് ജോഷി ചെയ്താല്‍ മതി - മമ്മൂട്ടി ആവേശത്തോടെ പറഞ്ഞു!

മമ്മൂട്ടി, ജോഷി, ലോഹിതദാസ്, Mammootty, Joshiy, Lohithadas
Last Modified ബുധന്‍, 5 ജൂണ്‍ 2019 (14:25 IST)
മമ്മൂട്ടിയെ നായകനാക്കിയാണ് ലോഹിതദാസ് ‘ആധാരം’ എന്ന ചിത്രം ആലോചിച്ചത്. ജാതിമത ചിന്തകള്‍ക്കെതിരെ പോരാടുന്ന ബാപ്പുട്ടിയുടെ കഥ. കഥാപാത്രവും കഥയും മമ്മൂട്ടിക്ക് ഇഷ്ടമായി. പടം ഉടന്‍ തന്നെ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു.

ഒരു കഥ കേട്ട് ഇഷ്ടമായാല്‍ അത് പൂര്‍ത്തിയായി സിനിമയാകുന്നതുവരെ പിന്തുടരുന്നതാണ് മമ്മൂട്ടിയുടെ രീതി. അതുവരെ എഴുത്തുകാരനോടും സംവിധായകനോടും അതേപ്പറ്റി അന്വേഷിച്ച് ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കും. ആ സമയത്ത് ‘ധനം’ എന്ന ചിത്രത്തിന്‍റെ തിരക്കിലായിരുന്നു ലോഹി. അതുകൊണ്ടുതന്നെ ആധാരത്തിന്‍റെ എഴുത്തുജോലികള്‍ തുടങ്ങാന്‍ കഴിഞ്ഞില്ല. മമ്മൂട്ടി പക്ഷേ ആധാരത്തേക്കുറിച്ചുള്ള ചോദ്യങ്ങളുമായി ലോഹിയെ നിരന്തരം വിളിച്ചു.

ഒരു ദിവസം നേരിട്ട് ധനത്തിന്‍റെ സെറ്റിലെത്തി മമ്മൂട്ടി. ‘ആധാരത്തിന്‍റെ കഥ എന്തായി?’ എന്ന് ലോഹിയെ കണ്ടയുടന്‍ അന്വേഷിച്ചു. എന്നാല്‍ ലോഹി അപ്പോള്‍ മറ്റൊരു കഥ മമ്മൂട്ടിയോട് പറഞ്ഞു.

നഷ്ടപ്പെട്ടുപോയ മകളെയോര്‍ത്ത് ഉരുകുന്ന ഒരച്ഛന്‍റെ കഥ. അവള്‍ ജീവനോടെയുണ്ടെന്ന് മനസിലാകുമ്പോള്‍, ജീവിതത്തിലെ ഏറ്റവും അടുത്ത മിത്രങ്ങളെപ്പോലും ശത്രുനിരയില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്ന ആന്‍റണിയുടെ കഥ. ‘കൌരവര്‍’ എന്ന് പേരിട്ട ആ കഥ കേട്ട് മമ്മൂട്ടിക്ക് ആവേശമായി. ‘ഇതു മതി... ഇത് ജോഷി ചെയ്താല്‍ മതി’ എന്ന് അപ്പോള്‍ തന്നെ മമ്മൂട്ടി പറഞ്ഞു.

ഇതിന് മുമ്പ് ലോഹിതദാസ് പറഞ്ഞ ‘മേലേടത്ത് രാഘവന്‍ നായരുടെ കഥ’യും പൂര്‍ത്തിയായെന്നറിഞ്ഞപ്പോള്‍ മമ്മൂട്ടി കൂടുതല്‍ ത്രില്ലിലായി. ‘വാത്സല്യം’ എന്ന ആ കഥയും ഉടന്‍ ചെയ്യാന്‍ തീരുമാനിച്ചു.

അപ്പോള്‍ ആധാരമോ? അതായി ലോഹിയുടെ ചിന്ത. ‘ആധാരത്തില്‍ മുരളി നായകനാവട്ടെ’ എന്ന് പറയാന്‍ മമ്മൂട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ, നായകനിരയിലേക്ക് മുരളിയുടെ ശക്തമായ കടന്നുവരവ് ആധാരത്തിലൂടെ സംഭവിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :