BIJU|
Last Modified ശനി, 4 ഓഗസ്റ്റ് 2018 (15:36 IST)
ഏത് കഥാപാത്രത്തെയും അതിന്‍റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കാന്‍ മിടുക്കനാണ് മമ്മൂട്ടി. ഗൌരവമുള്ള കഥാപാത്രമായാലും ചിരിപ്പിക്കുന്ന വേഷമായാലും പൊലീസായാലും കള്ളനായാലും വക്കീലായാലും വല്യേട്ടനായാലും ആ കഥാപാത്രത്തോട് ഏറ്റവും സത്യസന്ധതപുലര്‍ത്താന്‍ മമ്മൂട്ടിക്ക് കഴിയാറുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു കുട്ടേട്ടന്‍. അന്നുവരെ അത്തരം ഒരു കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരുന്നില്ല. ജോഷിയും അത്തരം ഒരു സിനിമ മുമ്പ് ചെയ്തിരുന്നില്ല. ഗൌരവമുള്ള സിനിമകളില്‍ നിന്ന് മമ്മൂട്ടിയുടെയും ജോഷിയുടെയും വലിയ മാറ്റമായിരുന്നു കുട്ടേട്ടന്‍.
വിവാഹിതനായ, സ്ത്രീകള്‍ വലിയ വീക്‍നെസായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി കുട്ടേട്ടനില്‍ അവതരിപ്പിച്ചത്. ‘വിഷ്ണുവിന്‍റെ നമ്പരുകള്‍’ എന്നായിരുന്നു ആദ്യം ഈ സിനിമയ്ക്ക് പേരിട്ടിരുന്നത്. പിന്നീട് കുട്ടേട്ടന്‍ എന്ന് മാറ്റുകയായിരുന്നു.
ലോഹിതദാസിനും അതുവരെ താന്‍ എഴുതിയിരുന്ന ഗൌരവമുള്ള സിനിമകളില്‍ നിന്ന് ഒരു റിലീഫായിരുന്നു കുട്ടേട്ടന്‍. മൂന്ന് സിനിമകളാണ് ജോഷിക്കുവേണ്ടി ലോഹി എഴുതിയത്. മറ്റ് രണ്ടെണ്ണം കൌരവര്‍, മഹായാനം എന്നിവ.
മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ കുട്ടേട്ടനില്‍ വന്നത് സരിതയായിരുന്നു. വിഷ്ണു പ്രാപിക്കാന്‍ വേണ്ടി കൊണ്ടുവരികയും പിന്നീട് മകളെപ്പോലെ നോക്കേണ്ടിവരികയും ചെയ്യുന്ന പെണ്‍കുട്ടിയായി മാതു എത്തി. തിലകന്‍, മുരളി, ഒടുവില്‍, ജഗദീഷ്, സുകുമാരി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
പടം മികച്ച വിജയം നേടി. കുട്ടേട്ടന്‍ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്തുകൊണ്ടും വിഷ്ണുവിന്‍റെ നമ്പരുകള്‍ എന്ന പേരിനേക്കാള്‍ കുട്ടേട്ടന്‍ എന്ന പേരുതന്നെയാണ് ആ സിനിമയ്ക്ക് ചേരുക എന്ന് നിസംശയം പറയാം.