37 വര്‍ഷത്തിനുശേഷം ഉത്തരം കിട്ടി !'തൂവാനത്തുമ്പികള്‍' ആരാധകര്‍ ഇപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം,പത്മരാജന്റെ മകന്‍ നല്‍കിയ മറുപടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (12:10 IST)
മലയാളികള്‍ ഉള്ളടത്തോളം കാലം പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' ഇവിടെ ഉണ്ടാകും.ഇന്നും മഴയുള്ള ദിവസങ്ങളില്‍ വാട്‌സപ്പ് സ്റ്റാറ്റസുകളായി ക്ലാരയും, ജയകൃഷ്ണനും നമ്മുടെ അരികിലേക്ക് എത്താറുണ്ട്. മലയാളത്തില്‍ പിറന്ന എവര്‍ഗ്രീന്‍ ചിത്രം തന്നെയാണ് തൂവാനത്തുമ്പികള്‍. സിനിമയില്‍ ഒരു ബാറിലിരുന്ന് മോഹന്‍ലാലിന്റെ കഥാപാത്രമായ ജയകൃഷ്ണന്‍ മദ്യപിക്കുന്നുണ്ട്. മറ്റ് ബഹളങ്ങള്‍ക്കിടയിലും തന്നിലേക്ക് തന്നെ ഉള്‍പ്പടെയുള്ള ജയകൃഷ്ണനെ ഇത്തിരി നേരം സ്‌ക്രീനില്‍ കാണിക്കുന്നുമുണ്ട്. മറ്റൊരു രംഗത്തിലും ഇതേപോലെ ഉള്‍വലിയുന്ന ജയകൃഷ്ണനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാകുന്നത്. ജയകൃഷ്ണന്റെ ഈയൊരു ഉള്‍വലിയലിന് ജോണ്‍സണ്‍ മാസ്റ്ററുടെ വ്യത്യസ്തമായ പശ്ചാത്തല സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. ജയകൃഷ്ണന്‍ ഇങ്ങനെ പെരുമാറുന്നതിന്റെ അര്‍ഥം എന്താണെന്നും പത്മരാജന്‍ എന്താണ് ശരിക്കും ഉദ്ദേശിച്ചിരിക്കുന്നതെന്നും അറിയുവാന്‍ ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്നു. സിനിമ ഗ്രൂപ്പുകളിലും മറ്റും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇപ്പോഴിതാ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ തന്നെ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്

സംവിധായകന്‍ ബ്ലെസിയുടെ കൂടെയുള്ള ഒരു ചിത്രം അനന്തപത്മനാഭന്‍ പങ്കുവെച്ചിരുന്നു. ഇതിനു താഴെയാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്.പത്മരാജന്റെ സഹസംവിധായകനായി ബ്ലെസി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ബ്ലെസിയോട് ചോദിച്ചിട്ട് ഒന്ന് പറഞ്ഞു തരാമോ എന്നായിരുന്നു ഒരു ആരാധകന്‍ അനന്തപത്മനാഭനോട് ചോദിച്ചത്.

അതിന് അനന്തപത്മനാഭന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.

'He is contemplating (അയാള്‍ ചിന്താമഗ്‌നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പില്‍ കുറിച്ചത്. അത് തുടര്‍പദ്ധതികള്‍ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടന്‍ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒര ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്'-അനന്തപത്മനാഭന്‍ എഴുതി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :