നിഹാരിക കെ.എസ്|
Last Updated:
ചൊവ്വ, 24 ഡിസംബര്‍ 2024 (11:35 IST)
മലയാളത്തിൽ ഈ വർഷം നായികാ പ്രാധാന്യമുള്ള സിനിമകൾ കുറവാണെന്ന് സംവിധായിക അഞ്ജലി മേനോൻ വർഷമാദ്യം ആരോപിച്ചിരുന്നു. ഇതേ വർഷം തന്നെയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രവും അതിലെ പ്രഭയും അനുവും ചർച്ചയായതും. ആവേശം, മഞ്ഞുമ്മൽ ബോയ്‌സ്, ബ്രഹ്മയുഗം എന്നിവ സ്ത്രീകഥാപാത്രങ്ങളില്ലാതെ വിജയിക്കുന്ന കാലത്ത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കാൻസ് റെഡ് കാർപ്പെറ്റിൽ തങ്ങളുടെ സിനിമയുടെ വിജയം ആഘോഷിച്ചു.
മഞ്ഞുമ്മൽ ബോയ്സ്, ആവേശം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സിനിമയിലെ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെ കുറിച്ച് ചർച്ചയായിരുന്നു. സിനിമയിലെ സ്ത്രീകളുടെ അഭാവം പ്രേക്ഷകർ ശ്രദ്ധിക്കുന്നതും വിമർശിക്കുന്നതും നല്ലതാണ്. ശരിക്കും മലയാള സിനിമയിൽ ഇത്തവണ സ്ത്രീസാന്നിധ്യം കുറവാണോ? മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം പുതിയ കാര്യമല്ല. ശക്തമായ സ്ത്രീ പക്ഷ സിനിമയും കഥാപാത്രങ്ങളും ചുരുക്കമായെങ്കിലും സമ്മാനിക്കുന്ന മലയാള സിനിമ ഇത്തവണയും അക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് വേണം പറയാൻ. ഉള്ളൊഴുക്കിലെ ലീലാമ്മയും അഞ്‍ജുവും അതിന് ഒരുദാഹരണമാണ്.
നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വളർന്നുവരുന്ന താരങ്ങൾ പുതിയ ഊർജം പകരുമ്പോൾ പാർവതി തിരുവോത്ത്, ഉർവശി പോലുള്ള നടിമാർ മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നു. അമല പോളിൻ്റെ വൈദഗ്ധ്യം മലയാള സിനിമയ്ക്കപ്പുറമാണ്. ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്, റിമ കല്ലിങ്കൽ നായികയായ സജിൻ ബാബുവിൻ്റെ തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി, 11 വർഷങ്ങൾക്ക് ശേഷം ജ്യോതിർമയിയുടെ തിരിച്ചുവരവ് പ്രകടമാക്കിയ അമൽ നീരദിൻ്റെ ബൊഗെയ്ൻവില്ല എന്നിവ എല്ലാം മലയാളത്തിന്റെ സ്ത്രീകൾ കേന്ദ്ര കഥാപാത്രമായ സിനിമകളാണ്.
ഈ വർഷം തുടങ്ങിയത് തന്നെ സ്ത്രീ പക്ഷ സിനിമയിലൂടെയായിരുന്നു. ആനന്ദ് ഏകർഷി ആട്ടത്തിലൂടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ 2024 ബോക്സ്ഓഫിസിലെ ആദ്യത്തെ വെള്ളിയാഴ്ച മലയാള സിനിമയ്ക്ക് അഭിമാന തുടക്കമായി. അടിമുടി നാടകമാണ് ചിത്രത്തിൽ. അരങ്ങ് എന്ന നാടക ട്രൂപ്പും അതിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. നിലപാടുകൾ എടുക്കുകയും അവനവന്റെ സൗകര്യത്തെ അടിസ്ഥാനമാക്കി ആ നിലപാടുകളെ മാറ്റി കളയുകയും ചെയ്യുന്ന 12 മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.
ജൂൺ അവസാനമായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് റിലീസ് ആയത്. 'ഉള്ളൊഴുക്ക്' ആ പേരു അന്വർഥമാക്കുന്ന രീതിയിൽ എടുത്തിരിക്കുന്ന ഒരു ചിത്രമാണ്. പുറമേ ശാന്തവും എന്നാൽ അകമേ വൈകാരിക സംഘർഷങ്ങളുടെ വേലിയേറ്റവുമുള്ള ഒരു സിനിമ. ആർക്കൊപ്പം നിൽക്കണം എന്ന് പ്രേക്ഷകനെ അനുനിമിഷം കുഴയ്ക്കുന്ന ചിത്രം. ജീവിതത്തിന്റെ ഒരു കോണിൽ വെച്ച് തീർത്തും അവിചാരിതമായി കണ്ടുമുട്ടേണ്ടി വന്നവരാണ് അഞ്ജുവും ലീലാമ്മയും. പിന്നീടുള്ള ജീവിതം ഒരു മേൽക്കൂരയ്ക്ക് കീഴെയായി. നേരിടുന്ന സാഹചര്യങ്ങളിൽ ലീലാമ്മയുടെയും അഞ്ജുവിന്റെയും സംഘര്‍ഷങ്ങളാണ് സിനിമയില്‍ പല അടരുകള്‍ ചേര്‍ത്തിണക്കി അവതരിപ്പിക്കുന്നത്
സംവിധായകന്‍ എം സി ജിതിന്റെ അസാധാരണമായ കഥപറച്ചിലിൽ മലയാള സിനിമയ്ക്ക് കിട്ടിയത് മികച്ച ഒരു ത്രില്ലറാണ്, സൂക്ഷ്മദർശിനി. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നസ്രിയ നസിം തന്റെ കസേര തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് ഈ ചിത്രത്തിലൂടെ കണ്ടത്. മറ്റാരും കാണാത്ത ഡീറ്റെയ്‍ലിംഗോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുള്ള പ്രിയദര്‍ശിനിയായാണ് നസ്രിയ അവതരിപ്പിക്കുന്നത്. അയല്‍പക്കത്തെ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടമ്മ നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ത്രില്ലറുകളുടെ സാമ്പ്രദായിക കഥാപശ്ചാത്തലങ്ങളെ മറികടന്ന ചിത്രമാണ് ഇത്.
തിയേറ്ററിൽ വേണ്ടവിധം ശ്രദ്ധിക്കാത്ത പോയ കിടിലൻ സിനിമകളുടെ ലിസ്റ്റിലാണ് അനാർക്കലി മരിക്കാർ കേന്ദ്ര കഥാപാത്രമായ ഗഗനാചാരി ഉള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഗഗനാചാരി എന്ന മലയാള ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. അതിൽ കോപ്പൻഹേഗനിൽ നടന്ന "ആർട്ട് ബ്ലോക്ക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ" മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും സിൽക്ക് റോഡ് ഫിലിം അവാർഡും ചിത്രത്തിന് ലഭിച്ചു. കാൻ, മികച്ച സയൻസ് ഫിക്ഷൻ ഫീച്ചർ, മികച്ച നിർമ്മാതാവ് (അജിത് വിനായക ഫിലിംസ്) എന്നീ രണ്ട് പുരസ്കാരങ്ങൾ ആണ് ചിത്രം സ്വന്തമാക്കിയത്. സയൻസ് ഫിക്ഷൻ കോമഡി ചിത്രം ആണ് ഗഗനചാരി.
റൂത്തിന്റെ ലോകം എന്ന നോവലിനെ അടിസ്ഥാനമാക്കി അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബോഗെയ്ൻവില്ല എന്ന ചിത്രം ജ്യോതിർമയിയുടെ ശക്തമായ തിരിച്ചുവരവാണ് കാണിച്ചത്. റീത്തുവിന്റെ മറവിയുടെ ലോകത്തിലേക്കാണ് അമൽ നീരദ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. വെടിച്ചില്ല് കണക്കെയുള്ള അവസാന 40 മിനിറ്റ് പൈസ വസൂൽ ആണ്. ജ്യോതിർമയിയുടെ റീത്തുവിന്റെ ലോകം പ്രേക്ഷകരെ കുഴപ്പിക്കുകയും വിഷമിപ്പിക്കുകയും ഒടുവിൽ അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്. 'അരങ്ങ്' എന്ന നാടക ട്രൂപ്പിനെ അടിമുടി ഇളക്കിമറിക്കാൻ പ്രാപ്തിയുള്ള ഒരു ലൈംഗികാരോപണത്തെ ചുറ്റിപ്പറ്റിയാണ് സംവിധായകൻ കഥ പറയുന്നത്.
2017ൽ കൊച്ചിയെ പിടിച്ചുലച്ച ഒരു പെൺകുട്ടിയുടെ തിരോധാനത്തെ അടിസ്ഥാനമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലയും ഈ ലിസ്റ്റിൽ പെടും. ചിത്രത്തിലെ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയപ്പെട്ട ശ്യാമളയായ സംഗീത ആയിരുന്നു. മലയാളികളുടെ ശ്യാമള എവിടെയും പോയിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന പ്രകടനമാണ് ഒരൽപം പക്വതയുള്ള ശ്രീബാലയിലൂടെ സംഗീത തെളിയിച്ചത്.
തീർന്നിട്ടില്ല, ലെവൽ ക്രോസിൽ ചെതാലി എന്ന രാഖിയായി മികച്ച പ്രകടനം കാഴ്ച വെച്ച അമല പോൾ, പ്രേമലുവിലെ റീനുവിനെ അവതരിപ്പിച്ച മമിത ബൈജു, മന്ദാകിനിയിലെ അനാർക്കലി മരിക്കാർ, അജയന്റെ രണ്ടാം മോക്ഷണത്തിലെ സുരഭി ലക്ഷ്മി, കിഷ്കിന്ദാ കാണ്ഡത്തിലെ അപർണ ബാലമുരളി, ഹലോ മമ്മിയിലെ ഐശ്വര്യ ലക്ഷ്മി, ഹേർ എന്ന ചിത്രത്തിലെ ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ, രുധിരത്തിലെ അപർണ ബാലമുരളി, റൈഫിൾ ക്ലബ്ബിലെ വാണി വിശ്വനാഥ് എല്ലാം ഈ വർഷത്തെ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച നടിമാർ ആണ്.