Last Updated:
വെള്ളി, 1 മാര്‍ച്ച് 2019 (14:20 IST)
മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ തുടർക്കഥകൾ റിലീസ് ചെയ്തിട്ടുണ്ട്. ഒരു
സിനിമ ഹിറ്റ് ആയി കഴിഞ്ഞാൽ ആ നായക കഥാപാത്രത്തെ വെച്ച് അടുത്ത ഭാഗം ഇറക്കാൻ സംവിധായകൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ നിരവധി സിനിമകൾ മലയാളികൾ ഏറ്റെടുത്തിട്ടുമുണ്ട്.
അത്തരമൊരു റെക്കോർഡ് മലയാളത്തിൽ സ്വന്തമാക്കിയത് മമ്മൂട്ടിയും മോഹൻലാലും ആണ്. ഒരു സിനിമയുടെ തന്നെ നാല് സീരീസിൽ ഇരുവരും നായകന്മാരായി എത്തിയിട്ടുണ്ട്. സി ബി ഐ സീരിസിൽ മമ്മൂട്ടിയും മേജർ രവിയുടെ പട്ടാള സീരീസിൽ മോഹൻലാലും അഭിനയിച്ച് കരസ്ഥമാക്കിയിരിക്കുകയാണ് ആ റെക്കോർഡ്. ഇതുവരെ മറ്റാർക്കും തകർക്കാൻ കഴിയാത്ത റെക്കോർഡ് എന്ന് തന്നെ പറയാം.
മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്രയായിരുന്നു മോഹൻലാലിന്റെ പട്ടാള സീരീസിലെ ആദ്യ ചിത്രം. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേജർ മഹാദേവൻ എന്ന കഥാപാത്രമായിട്ടായിരുന്നു
മോഹൻലാൽ എത്തിയത്. 2008ൽ മേജർ മഹാദേവനുമായി രവി വീണ്ടുമെത്തി. തുടർന്ന് കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ ചിത്രങ്ങളും ആ കഥാപാത്രത്തിന്റെ തുടർച്ചയായി എത്തി.
അതോടൊപ്പം, ദാസനും വിജയനും കോമ്പോ തുടർച്ചയായി മൂന്ന് ചിത്രങ്ങളിൽ ഒന്നിച്ചിരുന്നു. നാടോടിക്കാറ്റ് (1987), പട്ടണപ്രവേശം (1988), അക്കരെ അക്കരെ അക്കരെ (1990) എന്നീ മൂന്ന് ചിത്രങ്ങളിലും ദാസനും വിജയനുമായി അഭിനയിച്ചത് മോഹൻലാലും ശ്രീനിവാസനുമായിരുന്നു. മോഹൻലാൽ ആയിരുന്നു നായക കഥാപാത്രം. ഈ സീരിസിൽ 3 ചിത്രങ്ങളും പട്ടാള സീരിസിലെ 4 ചിത്രങ്ങളും കൂട്ടി 7 സീരീസ് സിനിമകളാണ് മോഹൻലാലിന്റെ പക്കലുള്ളത്.
ഇനി മമ്മൂട്ടി ചിത്രങ്ങളുടെ കണക്കെടുത്താൽ, ആദ്യം പരിശോധിക്കേണ്ടത് ബൽറാം സീരീസ് ചിത്രങ്ങളാണ്. ആവനാഴി (1986) , ഇൻസ്പെക്ടർ ബൽറാം (1991), ബൽറാം vs താരാദാസ് (2011) എന്നീ ചിത്രങ്ങളിൽ മമ്മൂട്ടി ആയിരുന്നു നായകൻ. മൂന്ന് ചിത്രങ്ങളിലും മമ്മൂട്ടി ഇൻസ്പെക്ടർ ബൽറാം ആയിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ഒരു കഥാപാത്രത്തിന്റെ തുടർച്ചയായ മൂന്ന് ചിത്രങ്ങളായിരുന്നു ഇത്.
കൂടാതെ, ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു സിനിമകള്‍. സേതുരാമയ്യര്‍ എന്ന ഇന്റലിജന്റ് സി ബി ഐ ഉദ്യോഗസ്ഥൻ സേതുരാമയ്യറായി മമ്മൂട്ടി തിളങ്ങിയ സിനിമകള്‍. കെ മധു - എസ് എന്‍ സ്വാമി ടീമിന്റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകള്‍. ആ സീരീസിലെ അഞ്ചാം സിനിമ ഉടൻ ഉണ്ടാകുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കിൽ നിലവിൽ 7 സിനിമകൾ വീതമാണ് മമ്മൂട്ടിക്കും മോഹൻലാലിനുമുള്ളത്. സി ബി ഐ സീരീസിൽ 5ആം ഭാഗം എത്തുകയാണെങ്കിൽ മലയാളത്തിൽ ആർക്കും തകർക്കാൻ പറ്റാത്ത ഒരു റെക്കോർഡ് ആയി അത് മാറും.