‘റവല്യൂഷന്‍ 2020’ സിനിമയാകുന്നു!

WEBDUNIA|
PRO
ചേതന്‍ ഭഗത് ഇന്ന് ഇന്ത്യയിലെ ഏറ്റവും വാണിജ്യമൂല്യമുള്ള നോവലിസ്റ്റാണ്. അതുകൊണ്ടുതന്നെ ചേതന്‍ എഴുതുന്ന നോവലുകള്‍ പുറത്തുവരാന്‍ കാത്തിരിക്കുന്നത് വമ്പന്‍ സിനിമാ കമ്പനികളാണ്. ചേതന്‍റേതായി അവസാനം പുറത്തുവന്ന നോവല്‍ ‘റവല്യൂഷന്‍ 2020’ സിനിമയാക്കാനുള്ള അവകാശം യു ടി വി മോഷന്‍ പിക്ചേഴ്സ് സ്വന്തമാക്കി.

ഗോപാല്‍, രാഘവ്, ആര്‍തി എന്നീ മൂന്ന് സുഹൃത്തുക്കളുടെ അതിജീവനത്തിന്‍റെയും പ്രണയത്തിന്‍റെയും ജീവിതവിജയത്തിന്‍റെയും കഥയാണ് റവല്യൂഷന്‍ 2020. ചേതന്‍ ഭഗത്തും നോവലില്‍ ഒരു കഥാപാത്രമായെത്തുന്നു. വാരാണസിയാണ് നോവലിന്‍റെ പശ്ചാത്തലം. വിദ്യാഭ്യാസക്കച്ചവടം നോവലില്‍ ചര്‍ച്ചാവിഷയമാകുന്നു.

ഒരു ത്രികോണ പ്രണയകഥ കൂടിയാണ് റവല്യൂഷന്‍ 2020. ഗോപാല്‍ എന്ന യുവാവ് തന്‍റെ ഏറ്റവുമടുത്ത സുഹൃത്ത് ആര്‍തിയെ പ്രണയിക്കുന്നു. എന്നാല്‍ അവള്‍ രാഘവിനെയാണ് സ്നേഹിക്കുന്നത്. ആര്‍തിയെ ആര് നേടുമെന്നുള്ളതാണ് ക്ലൈമാക്സ്. വാരാണസിയില്‍ നിലനില്‍ക്കുന്ന അഴിമതിക്കും അനീതിക്കുമെതിരെ പ്രതികരിക്കാന്‍ രാഘവ് ആരംഭിക്കുന്ന പത്രത്തിന്‍റെ പേരാണ് ‘റവല്യൂഷന്‍ 2020’.

“യു ടി വി വലിയ ഓഫറാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഈ നോവലിനോട് നീതിപുലര്‍ത്താന്‍ അവരുടെ ടീമിന് കഴിയും എന്നാണ് എന്‍റെ വിശ്വാസം.” - ചേതന്‍ ഭഗത് പ്രതികരിച്ചു.

ചേതന്‍ ഭഗത്തിന്‍റെ ‘ഫൈവ് പോയിന്‍റ് സം‌വണ്‍’ എന്ന നോവലാണ് ‘ത്രീ ഇഡിയറ്റ്സ്’ എന്ന മെഗാഹിറ്റ് സിനിമയ്ക്ക് ആധാരം. വണ്‍ നൈറ്റ് അറ്റ് കോള്‍ സെന്‍റര്‍ എന്ന നോവലും സിനിമയായി. ദി ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്, 2 സ്റ്റേറ്റ്സ്: ദി സ്റ്റോറി ഓഫ് മൈ മാര്യേജ് എന്നീ നോവലുകളും ഉടന്‍ സിനിമയാകുകയാണ്. ‘2 സ്റ്റേറ്റ്സ്’ സംവിധാനം ചെയ്യുന്നത് ഇം‌തിയാസ് അലിയാണ്. രണ്‍ബീര്‍ കപൂറാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :