സൂപ്പര്‍ പവറാകാന്‍ ഇന്ത്യ ഇനിയും മുന്നേറണം: ശശി തരൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ലോകത്തിലെ സൂപ്പര്‍ പവറാകാന്‍ ഇന്ത്യയ്ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഹേ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മിലുള്ള വികസനത്തെ ബന്ധപ്പെടുത്തി നടന്ന ചര്‍ച്ചയില്‍ ബിബിസി അവതാരിക അനിത ആനന്ദനും പങ്കെടുത്തു.

ദാരിദ്യത്തിന്റെ വഴികളിലൂടെ നീങ്ങുന്ന ഇന്ത്യയെ ഒരു വന്‍ശക്തിയായി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയുടെ വളര്‍ച്ച പൂര്‍ണമല്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ഏഷ്യയുമായി യുദ്ധം ചെയ്യാനുള്ള ശേഷി അമേരിക്കയ്ക്കുണ്ട്. എന്നാല്‍ ചൈനയ്ക്ക് അത് സാധിക്കില്ല. വളര്‍ന്നുവരുന്ന ഒരു രാജ്യമാണെങ്കിലും പാശ്ചാത്യ ഉല്‍പന്നങ്ങളില്ലാതെ ചൈനയ്ക്ക് നിലനില്‍ക്കാനാകില്ലെന്നും തരൂര്‍ പറഞ്ഞു.

ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ചൈന ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഇന്ത്യ ഒരുപടി മുന്നിലാണ്. ഇന്ത്യയും ചൈനയും സൂപ്പര്‍ പവറല്ല, സൂപ്പര്‍ പുവറാണെന്നും തരൂര്‍ പറഞ്ഞു.

ആഗോള ജനാധിപത്യ സര്‍ക്കാരിനുള്ള സാധ്യത ശശി തരൂര്‍ തള്ളിക്കളഞ്ഞു. ഐക്യരാഷ്ട്ര സഭ ഒരിക്കലും ഇതിനെ പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെയുമല്ല ഇതിനുവേണ്ടി ഒരു ഒത്തൊരുമ യു എന്നിന്റെ പൊതുസഭയില്‍ ഉണ്ടാകുകയുമില്ല. ഇന്ത്യ ഒരു വന്‍ ശക്തിയായി മാറണമെങ്കില്‍ ദാരിദ്ര്യം തുടച്ചുനീക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസ പുരോഗതി എന്നിവയിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നേറേണ്ടിയിരിക്കുന്നു. വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ കടന്നാല്‍ മാത്രമെ ഇന്ത്യയ്ക്ക് വന്‍ശക്തിയാകാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വന്‍ശക്തികള്‍ ലോകം അടക്കി ഭരിക്കില്ല. ചെറുരാജ്യങ്ങള്‍ ചേര്‍ന്ന കൂട്ടായ്മയിലൂടെ വന്‍ശക്തികളുണ്ടാകാമെന്നും ശശി തരൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :