അല്‍പം കൃഷിസ്ഥലം പാട്ടത്തിനുകിട്ടിയ ഒരു ചെറിയ കൃഷിക്കാരന്‍ മാത്രമാണ്‌ ഞാന്‍: എം ടി

PRO
മൂന്നാമതായി ഇവിടെ ഈ പുരസ്ക്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ള ഇന്നും ഞങ്ങളോടൊപ്പമുണ്ട്‌. ദശാബ്ദങ്ങള്‍ക്ക്‌ മുമ്പ് അദ്ദേഹം ഒരു വലിയ സാഹിത്യസമ്മേളനത്തില്‍ മലയാളനോവലിനെപ്പറ്റി സംസാരിക്കുമ്പോള്‍ ആയിടെ പ്രസിദ്ധീകരിച്ച ഒരു കൃതിയെപ്പറ്റി പ്രത്യേകം പരാമര്‍ശിക്കുകയും പ്രശംസിക്കുകയുമുണ്ടായി. ആ സദസ്സിലുണ്ടായിരുന്ന ഇളം പ്രായക്കാരനായ യുവാവ്‌ സ്വകാര്യമായി, നിശബ്ദമായി അത്‌ ഒരനുഗ്രഹംപോലെ, ഒരു മഹാപുരസ്കാരം പോലെ ഏറ്റുവാങ്ങി. 'നാലുകെട്ട്‌' എന്ന എന്‍റെ നോവലിനെപ്പറ്റിയാണ്‌ അദ്ദേഹം എടുത്തുപറഞ്ഞത്‌. എന്‍റെ ഇരുപത്തിനാലാം വയസ്സില്‍...

ഈ മഹാരഥന്‍‌മാരുടെ സമശീര്‍ഷനാണ്‌ ഞാനെന്ന അഹങ്കാരമോ അവകാശവാദമോ ഒരിക്കലും എന്‍റെ മനസ്സിലേക്കു കടന്നുവന്നിട്ടില്ല. അവരടക്കമുള്ള ഒരു സുദീര്‍ഘമായ സാഹിത്യപാരമ്പര്യത്തിലെ ഒരു ചെറിയ കണ്ണിമാത്രമാണ്‌ ഞാന്‍ എന്ന സത്യം ഇപ്പോഴും ഓര്‍മ്മിക്കുന്നു. എന്‍റെ ഭാഷയിലേക്കും സാഹിത്യത്തിലേക്കും ഒരിക്കല്‍ക്കൂടി നിങ്ങളുടെയെല്ലാം ശ്രദ്ധ പതിഞ്ഞതില്‍ എനിക്കു ചാരിതാര്‍ത്ഥ്യമുണ്ട്‌. ഈ ധന്യമായ മുഹൂര്‍ത്തത്തില്‍, അക്ഷരങ്ങളുടെ ലോകത്തിലേക്കു പ്രവേശിക്കാന്‍ എനിക്ക്‌ പ്രചോദനം നല്‍കിയ പൂര്‍വ്വസൂരികളോടുള്ള എന്‍റെ വിനയാന്വിതമായ കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തുന്നു. ആലോകത്തില്‍ നിലനില്‍ക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയ എന്‍റെ സഹപ്രവര്‍ത്തകരോടും ഞാന്‍ കടപ്പെട്ടവനാണ്‌.

ഈ മഹാരാജ്യത്തിലെ ഒരു ചെറിയ വിഭാഗം ജനങ്ങള്‍മാത്രം സംസാരിക്കുന്നതാണ്‌ എന്‍റെ ഭാഷ. മറ്റു ഭാരതീയ ഭാഷകളുമായി താരതമ്യപ്പെടാനില്ല. പക്ഷേ, ഞങ്ങളുടെ ഭാഷ സജീവമാണ്‌, ചലനാത്മകമാണ്‌. ഇന്ത്യയിലെയും വിദേശത്തെയും ഭാഷകളില്‍ വന്ന മഹത്തായ സൃഷ്ടികളെ എന്നും ഞങ്ങള്‍, മലയാളികള്‍ സ്വാഗതം ചെയ്തിട്ടുണ്ട്‌. ഔദ്യോഗിക സ്ഥാപനങ്ങള്‍ നിലവില്‍ വരുന്നതിന് വളരെമുമ്പുതന്നെ പലരും ഹിന്ദിയും ബംഗാളിയും മറാത്തിയും മറ്റു ഭാഷകളും പഠിച്ച്‌, ശ്രദ്ധേയങ്ങളായ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനംചെയ്തു. അതോടൊപ്പം ടോള്‍സ്റ്റോയ്‌, ദസ്തയേവ്സ്കി, ചെക്കോവ്‌, മോപ്പസാങ്‌, ഫ്‌ളോബര്‍, വിക്ടര്‍ ഹ്യൂഗോ തുടങ്ങിയവരുടെ കൃതികളുടെ വിവര്‍ത്തനങ്ങളും ഇവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മഹത്തായ സാഹിത്യകൃതികള്‍, അവ ഏതു ഭാഷയിലെഴുതപ്പെട്ടാലും, തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട ഒരു സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണെന്ന്‌ അന്നും ഇന്നും മലയാളികള്‍ കരുതുന്നു. പുതിയ വെളിച്ചവും വായുവും കടന്നുവരാന്‍ ഞങ്ങള്‍ എന്നും മനസ്സിന്‍റെ വാതിലുകള്‍ തുറന്നു വയ്ക്കുന്നു. ഞങ്ങളുടെ സാഹിത്യം സജീവമായി നിലനില്‍ക്കുന്നത്‌ ബാഹ്യലോകങ്ങളുമായുള്ള ഈ ബന്ധങ്ങളെ എന്നും താല്‍പര്യപൂര്‍വ്വം ഊട്ടിയുറപ്പിക്കാനുള്ള ഹൃദയവിശാലതകൊണ്ടാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഇതുപോലുള്ള ഒരു സന്ദര്‍ഭത്തില്‍ ഒരെഴുത്തുകാരന്‍ തന്‍റെ തുടക്കത്തെക്കുറിച്ച്‌ ഓര്‍മ്മിക്കുകയും തിരിഞ്ഞുനോക്കുകയും ചെയ്യാന്‍ സ്വാഭാവികമായും പ്രേരിതനാവുന്നു. ക്ഷമിക്കുക. ഞാനെങ്ങനെ ഒരു സാഹിത്യകാരനായി? എനിക്ക്‌ ഇന്നും അതൊരദ്ഭുതമാണ്‌. വളരെ ഇടത്തരത്തില്‍പ്പെട്ട, സാഹിത്യത്തിലോ പാണ്ഡിത്യത്തിലോ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കര്‍ഷകകുടുംബത്തിലാണ്‌ ഞാന്‍ പിറന്നത്‌. ഒരു തനി കുഗ്രാമത്തില്‍. അടുത്ത ബസ്‌ സ്റ്റോപ്പ്‌ ആറുനാഴിക അകലെ. തീവണ്ടിയാപ്പീസ്‌ ആറുനാഴിക അകലെ. ഹൈസ്ക്കൂള്‍ ഏഴുനാഴിക അകലെ. തുഞ്ചത്ത്‌ എഴുത്തച്ഛ‍ന്‍റെ അദ്ധ്യാത്മരാമായണം തപ്പലില്ലാതെ വായിക്കാന്‍ കഴിഞ്ഞാല്‍ പഠിപ്പു പൂര്‍ത്തിയായി എന്നു വിശ്വസിക്കുന്നവരാണ്‌ ഗ്രാമവാസികള്‍. വയല്‍വരമ്പിലൂടെ കന്നുകാലികളെ, നെല്‍ച്ചെടികള്‍ കടിക്കാന്‍ അവസരം കൊടുക്കാതെ, വേഗത്തില്‍ തെളിച്ച്‌, പുഴയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ പാടത്തു പണിയിലേക്ക്‌ ഇറങ്ങാന്‍ ഒരു കുട്ടിക്കു സമയമായെന്ന്‌ മുതിര്‍ന്നവര്‍ നിശ്ചയിക്കുന്നു.

കഷ്ടപ്പെട്ടിട്ടാണെങ്കിലും കുട്ടികളെ ഹൈസ്കൂളിലേക്കും പിന്നെ കോളേജിലേക്കും പഠിക്കാനയയ്ക്കാന്‍ നിശ്ചയിച്ച എന്‍റെ രക്ഷിതാക്കള്‍ ഗ്രാമത്തില്‍ പുതിയ ഒരു വഴക്കം സൃഷ്ടിക്കുകയായിരുന്നു. എന്‍റെ മൂത്ത മൂന്നു സഹോദരന്‍മാര്‍ - നാലാണ്‍മക്കളില്‍ അവസാനത്തെ ആളാണ്‌ ഞാന്‍ ‍- വല്ലപ്പോഴും ഒരു പുസ്തകമോ മാസികയോ വീട്ടില്‍ കൊണ്ടുവന്നു വായിക്കുമ്പോള്‍ ഞാന്‍ കൗതകത്തോടെ അതൊക്കെ മറിച്ചു നോക്കി.

ആ കാലത്തെ പ്രശസ്ത കവി ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന ഖണ്ഡകാവ്യത്തിന്‍റെ ഒരു കൈയെഴുത്തു പ്രതി അടുത്ത ഒരു ഗ്രാമത്തിലുണ്ട്‌ എന്നു കേട്ട്‌ അതു കടംവാങ്ങികൊണ്ടുവരാന്‍ എന്നെ അയച്ചത്‌ ഞാനോര്‍മ്മിക്കുന്നു. പിറ്റേന്നുതന്നെ തിരിച്ചുകൊടുക്കണമെന്ന വ്യവസ്ഥയിലാണ്‌ കൈയെഴുത്തു പ്രതി കിട്ടിയത്‌. അന്നുരാത്രി ഉറക്കമൊഴിച്ചിരുന്ന്‌ എന്‍റെ ജ്യേഷ്ഠത്തിയമ്മയും അതു പകര്‍ത്തുന്നതു ഞാന്‍ കണ്ടു. ഒരു കവിതാ പുസ്തകം സ്വന്തമാക്കാന്‍ വേണ്ടിയോ ഇത്രയേറെ വെമ്പലും അധ്വാനവും? ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നീട്‌ ഞാനും കവിതകള്‍ വായിക്കാന്‍ തുടങ്ങി. കവിത്രയമെന്നു കേരളത്തില്‍ അറിയപ്പെടുന്ന വള്ളത്തോളിന്‍റെയും ആശാന്‍റെയും ഉള്ളൂരിന്‍റെയും കൃതികള്‍. എന്‍റെ ജ്യേഷ്ഠന്‍‌മാര്‍ ചങ്ങമ്പുഴ, ജി ശങ്കരക്കുറുപ്പ്‌, വൈലോപ്പിള്ളി, ബാലാമണിയമ്മ, ഇടശ്ശേരി, പി കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവരുടെ കൃതികളും പലപ്പോഴായി കൊണ്ടുവന്നു. ഈ കൃതികള്‍ വായിക്കുമ്പോള്‍ ഞാനൊരത്ഭുതം കണ്ടെത്തി. അവരുപയോഗിക്കുന്ന വാക്കുകള്‍ പലതും എനിക്കറിയുന്നവയാണ്‌. പക്ഷേ, അവര്‍ വരികളില്‍ ഈ വാക്കുകള്‍ പ്രത്യേക രീതിയില്‍ നിരത്തുമ്പോള്‍ അത്ഭുതങ്ങളുണ്ടാകുന്നു. ഇതൊരു മാസ്മരവിദ്യതന്നെ. പല കവിതകളും ഞാന്‍ ഹൃദിസ്ഥമാക്കി. വീട്ടിന്‍റെ പിന്‍വശത്തെ കുന്നുകളില്‍ അവ ഉരുവിട്ടുകൊണ്ട്‌ ഏകനായി നടന്നു.

പിന്നീടാണ്‌ കഥകളുടെ ലോകത്തിലേക്കു കടന്നത്‌. ബഷീര്‍, തകഴി, പൊറ്റെക്കാട്ട്‌, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍, കേശവദേവ്‌, ലളിതാംബിക അന്തര്‍ജ്ജനം, പി സി കുട്ടികൃഷ്ണന്‍, വെട്ടൂര്‍ രാമന്‍നായര്‍ തുടങ്ങിയവര്‍ തുറന്നിട്ട അത്ഭുതലോകങ്ങള്‍.
സാഹിത്യകാരന്മാര്‍ എന്‍റെ ആരാധനമൂര്‍ത്തികളായി മാറുകയായിരുന്നു. മാസികകളില്‍ വരുന്ന അവരുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത്‌ ചുമരില്‍ പതിച്ചു വെയ്ക്കും. സാമാന്യം നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. എന്തായിത്തീരാന്‍ ആഗ്രഹിക്കുന്നു എന്ന്‌ അക്കാലത്ത് ആരെങ്കിലും എന്നോടു ചോദിച്ചിരുന്നുവെങ്കില്‍, സംശയിക്കാതെ, പക്ഷേ പിറുപിറുപ്പിന്‍റെ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറയുമായിരുന്നു: "എനിക്കൊരെഴുത്തുകാരനാവണം!". അതായിരുന്നു എന്‍റെ ആഗ്രഹം. എന്‍റെ നിശ്ശബ്ദമായ പ്രാര്‍ത്ഥന.

പതിനാലാം വയസ്സില്‍ ഞാന്‍ എഴുതാന്‍ തുടങ്ങി. പലതും. കവിത, കഥ, ലേഖനം എല്ലാം. ഒരേകാങ്കാവും എഴുതിനോക്കി. വിലാസമറിയുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കൊല്ലാം അവയൊക്കെ അയച്ചുകൊണ്ടിരുന്നു. ബുക്ക്‌ പോസ്റ്റയയ്ക്കാന്‍ വേണ്ട മുക്കാലണ സമാഹരിക്കുന്നതു മാത്രമായിരുന്നു പ്രശ്നം.

WEBDUNIA|
ജ്ഞാനപീഠപുരസ്കാരം സ്വീകരിച്ചുകൊണ്ട് എം ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണം പൂര്‍ണരൂപത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു:

പ്രഖ്യാതമായ ഈ പുരസ്കാരത്തിന്‌ ഈ വര്‍ഷം എന്നെ തിരഞ്ഞെടുത്ത ഭാരതീയ ജ്ഞാനപീഠത്തിന്‍റെ ഭാരവാഹികളോട്‌ എന്‍റെ ആത്മാര്‍ത്ഥമായ കൃതജ്ഞത ആദ്യമേ രേഖപ്പെടുത്തിക്കൊള്ളട്ടെ.

ആദ്യത്തെ ജ്ഞാനപീഠപുരസ്കാരത്തിന്‌ അര്‍ഹനായത്‌ എന്‍റെ ഭാഷയിലെ മണ്‍മറഞ്ഞ മഹാകവി ജി ശങ്കരക്കുറുപ്പാണ്‌. കുട്ടിക്കാലംതൊട്ട്‌ എനിക്കാരാധന തോന്നിയ ആദ്ദേഹത്തിന്‌ എന്നും പുത്രനിര്‍വ്വിശേഷമായ വാത്സല്യം എന്നോടു തോന്നിയിരുന്നു. സമ്മാനത്തുകയില്‍നിന്ന്‌ അദ്ദേഹം നീക്കിവച്ച സംഖ്യകൊണ്ട്‌ ആരംഭിച്ച ട്രസ്റ്റിന്‍റെ ഓടക്കുഴല്‍ അവാര്‍ഡാണ്‌ എനിക്ക്‌ ഇതിനുമുമ്പു ലഭിച്ച പുരസ്ക്കാരം - എന്‍റെ 'വാനപ്രസ്ഥം' എന്ന ചെറുകഥാ സമാഹാരത്തിന്‌. രണ്ടുവര്‍ഷംമുമ്പ്‌ ആ സമ്മാനം ഇതേ നഗരത്തില്‍വെച്ച്‌ ഏറ്റുവാങ്ങുമ്പോള്‍, ദിവംഗതനായ കവി അദൃശ്യഹസ്തങ്ങള്‍ എന്‍റെ ശിരസ്സില്‍വെച്ച്‌ അനുഗ്രഹിക്കുമ്പോലെ തോന്നി.

ഭാഷയില്‍ രണ്ടാമത്തെ സമ്മാനം വാങ്ങിയത്‌ എസ്‌ കെ പൊറ്റെക്കാട്ടാണ്‌. പൊറ്റക്കാട്ടിന്‍റെ കഥകള്‍ വരുന്ന ആഴ്ചപ്പതിപ്പിന്‌ എന്‍റെ കുടുംബാംഗങ്ങള്‍ ഉറ്റുനോക്കിയിരിക്കുന്നത്‌ എന്‍റെ ബാല്യത്തില്‍ ഞാന്‍ കണ്ടിരുന്നു. ഒരു പക്ഷേ, കഥയെഴുതണം എന്ന നിഗൂഢമായ അഭിലാഷം എനിക്കു തോന്നിയത്‌ ആ നാളുകളിലായിരിക്കണം.

അടുത്ത പേജില്‍ - അദൃശ്യദേവകളായ വായനക്കാര്‍ക്കായി എഴുതുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :