WEBDUNIA|
Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (10:39 IST)
Ramya Haridas: ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി രമ്യ ഹരിദാസ് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനു അതൃപ്തി. കഴിഞ്ഞ തവണത്തെ പോലെ അനായാസം ജയിക്കുന്ന സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തില്‍ ഉള്ളതെന്നും എംപി എന്ന നിലയില്‍ രമ്യയുടെ പ്രകടനം ശരാശരി മാത്രമാണെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. രമ്യക്ക് പകരം മറ്റ് ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആഗ്രഹം. എന്നാല്‍ എല്ലാ സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്ന എഐസിസി നിലപാട് തിരിച്ചടിയായിരിക്കുകയാണ്.
ലോക്‌സഭയില്‍ ആലത്തൂരിന് വേണ്ടി സംസാരിക്കാന്‍ രമ്യക്ക് കാര്യമായി സാധിച്ചിട്ടില്ല. മാത്രമല്ല സംഘപരിവാറിനെതിരെ രാഷ്ട്രീയ പ്രസ്താവന നടത്താന്‍ പോലും രമ്യ തയ്യാറായിട്ടില്ല. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ആലത്തൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1,58,968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ജയിച്ചത്. അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ രമ്യക്ക് സാധിച്ചു. സിപിഎം സ്ഥാനാര്‍ഥിയായ പി.കെ.ബിജുവായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത്തവണയും ബിജുവിനെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെ മത്സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.