Rahul Gandhi: വയനാട്ടിലേക്ക് രാഹുല്‍ ഇല്ല, ആലപ്പുഴയില്‍ വേണുഗോപാല്‍; കോണ്‍ഗ്രസ് സാധ്യത പട്ടിക ഇങ്ങനെ

യുഡിഎഫിന്റെ കുത്തക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് സംഘപരിവാറിനെതിരായ രാഷ്ട്രീയ പോരാട്ടമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി തീരുമാനം മാറ്റിയത്

Rahul Gandhi and KC Venugopal
WEBDUNIA| Last Modified ചൊവ്വ, 27 ഫെബ്രുവരി 2024 (09:30 IST)
and KC Venugopal

Rahul Gandhi: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയിലെ തന്നെ മറ്റൊരു സംസ്ഥാനത്തു നിന്നാകും രാഹുല്‍ ഇത്തവണ ജനവിധി തേടുക. ബിജെപി സ്വാധീനമുള്ള തമിഴ്‌നാട്ടിലെയോ കര്‍ണാടകയിലെയോ സീറ്റില്‍ നിന്നാകും രാഹുല്‍ മത്സരിക്കുക. വയനാട് മത്സരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി സുരക്ഷിതനാകാന്‍ രാഹുല്‍ നോക്കുകയാണെന്ന് ബിജെപി ആരോപിക്കും. ഇതിനു ഇടനല്‍കാതിരിക്കാനാണ് രാഹുല്‍ സ്വയം വയനാട് മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.

യുഡിഎഫിന്റെ കുത്തക മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് സംഘപരിവാറിനെതിരായ രാഷ്ട്രീയ പോരാട്ടമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി തീരുമാനം മാറ്റിയത്. അമേഠിക്കൊപ്പം ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് രാഹുലിന് തന്നെ തീരുമാനിക്കാമെന്നാണ് എഐസിസി നിലപാട്. കഴിഞ്ഞ തവണ അമേഠിയിലും വയനാടും മത്സരിച്ച രാഹുലിന് വയനാട്ടില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ.

അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കും. ആലപ്പുഴയില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റു സീറ്റുകളില്‍ സിറ്റിങ് എംപിമാര്‍ വീണ്ടും മത്സരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നിലപാടെടുത്തെങ്കിലും എഐസിസി നേതൃത്വം വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാകും സുധാകരന്‍ വീണ്ടും ജനവിധി തേടുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :