Lok Sabha Election 2024: കെ.കെ.ശൈലജ മത്സരിച്ചേക്കില്ല, പകരം കണ്ണൂരില്‍ പരിഗണിക്കുന്നത് മറ്റൊരു വനിത നേതാവിനെ

2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു

PP Divya
WEBDUNIA| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (08:06 IST)
PP Divya

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.കെ.ശൈലജ മത്സരിച്ചേക്കില്ല. പകരം കണ്ണൂരില്‍ മറ്റൊരു വനിത നേതാവിനെയാണ് സിപിഎം പരിഗണിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ആലോചിക്കുന്നത്. കണ്ണൂരിലെ ജനപ്രീതിയുള്ള വനിത നേതാവ് കൂടിയാണ് ദിവ്യ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ശൈലജ മത്സരിക്കാത്തതെന്നാണ് വിവരം.

2019 ല്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോള്‍ ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ സീറ്റും സിപിഎമ്മിന് നഷ്ടമായിരുന്നു. ഇത്തവണ എന്ത് വില കൊടുത്തും കണ്ണൂര്‍ തിരിച്ചുപിടിക്കണമെന്നാണ് പാര്‍ട്ടി നയം. അതിനുവേണ്ടിയാണ് ശൈലജയെയോ ദിവ്യയെയോ തന്നെ രംഗത്തിറക്കാന്‍ സിപിഎം പദ്ധതിയിടുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുധാകരനാണ് കണ്ണൂരില്‍ വിജയിച്ചത്. പി.കെ.ശ്രീമതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2014 ല്‍ സുധാകരനെ തോല്‍പ്പിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത നേതാവാണ് ശ്രീമതി. ഇത്തവണ ശ്രീമതിക്ക് പകരം ദിവ്യ എത്തുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായി സുധാകരന്‍ എത്താന്‍ സാധ്യത കുറവാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന സുധാകരന്‍ ഇത്തവണ ലോക്സഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ്. കെപിസിസി അധ്യക്ഷനായതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പാര്‍ട്ടിയെ നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് സുധാകരന്‍ പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :