WEBDUNIA|
Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (09:22 IST)
വോട്ടെടുപ്പ് അടുത്തതോടെ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ ശൈലജയ്‌ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും കമന്റുകളും ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും ചില കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ നടത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ് നേതൃത്വം.
തനിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ മോശം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതായി ശൈലജ ആരോപിച്ചു. കുടുംബ ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും വീണ്ടും പരാതി നല്‍കുമെന്നും ശൈലജ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ അടക്കം ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉണ്ടെന്നാണ് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണം തങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് യുഡിഎഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.