“ബാര്‍ കോഴ വെറുമൊരു വാമൊഴിക്കേസ്” - മാണിയെ പിന്തുണച്ച് ഉമ്മന്‍‌ചാണ്ടി

BAR, Mani, Oommenchandy, Chennithala, Biju Ramesh, George, ബാര്‍ കോഴ, ഉമ്മന്‍‌ചാണ്ടി, മാണി, ചെന്നിത്തല, ബിജു രമേശ്, ജോര്‍ജ്ജ്
തിരുവനന്തപുരം| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (13:43 IST)
ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് വെറുമൊരു വാമൊഴിക്കേസ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് ലീഗല്‍ പ്രോസസിംഗിന്‍റെ ഭാഗമായാണെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. തനിക്കെതിരെയുള്ള പാമൊലിന്‍ കേസുമായി ഇതിനെ താരതമ്യപ്പെടുത്താമെന്നും മാണി രാജിവയ്ക്കേണ്ടതില്ലെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

പാമൊലിന്‍ കേസില്‍ കോടതിയുടെ ഭാഗത്തുനിന്ന് ഇതുപോലൊരു നടപടിയുണ്ടായി. ഞാന്‍ രാജിവയ്ക്കണമോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ടായി. ഞാന്‍ പോലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടി. പിന്നീട് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി എന്നെ കുറ്റവിമുക്തനാക്കി. അപ്പീല്‍ പോയപ്പോഴും ഹൈക്കോടതി കോടതിതീരുമാനം ശരിവച്ചു. ഇപ്പോള്‍ ബാര്‍ കോഴക്കേസില്‍ ഉണ്ടായിരിക്കുന്നതും ഇതുപോലെ ഒരു സ്വാഭാവിക നടപടിയാണ്. സി ബി ഐ അന്വേഷിച്ച കേസുകളില്‍ പോലും തുടരന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് - ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ എല്ലാ വശങ്ങളും അന്വേഷിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകാര്യങ്ങള്‍ കൂടി അന്വേഷിക്കണമെന്നാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതൊരു സാധാരണ സംഭവമാണെന്നും ഇതിനെ രാഷ്ട്രീയമായി വളച്ചൊടിക്കാന്‍ ശ്രമിക്കരുതെന്നും ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു.

മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ മാണിയെ ഉപദേശിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഉപദേശിക്കുന്ന ആള്‍ എന്ത് മാതൃകയാണ് കാട്ടിയിട്ടുള്ളതെന്ന് ചോദിക്കില്ലേ?” എന്ന് പാമൊലിന്‍ കേസ് സൂചിപ്പിച്ച് ഉമ്മന്‍‌ചാണ്ടി മറുചോദ്യം ഉന്നയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :