‘വിവാഹത്തട്ടിപ്പ് വീര’ ശാലിനിക്ക് കൂസലില്ല!

ചെങ്ങന്നൂര്‍| WEBDUNIA|
PRO
പത്രത്തില്‍ വിവാഹപ്പരസ്യം നല്‍‌കിയ അഞ്ചോളം മധ്യവയസ്കരെ വിവാഹം കഴിച്ച് പെരുവഴിയിലാക്കിയ ‘വിവാഹത്തട്ടിപ്പ് വീര’ ശാലിനിക്ക് കോടതിയിലും ഒരു കൂസലില്ല. ‘കൊക്കെത്ര കുളം കണ്ടതാ’ എന്ന ഭാവമായിരുന്നു ശാലിനിയുടെ മുഖത്ത്. മജിസ്ട്രേട്ടിന്റെ ചോദ്യങ്ങള്‍ക്കു ചിരിച്ചുകൊണ്ടാണ്‌ ശാലിനി മറുപടി പറഞ്ഞത്‌. കോടതിക്ക് പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ചിരിക്കാനും ‘ഞാന്‍ പോസ്‌ ചെയ്‌തു തരണോ’ എന്ന് ചോദിക്കാനും ശാലിനി സമയം കണ്ടെത്തി. എന്തിനും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഈ സ്ത്രീയെന്ന് വനിതാ പൊലീസുകാര്‍ അടക്കം പറയുന്നുണ്ടായിരുന്നു.

ശാലിനിയെ കാണാനില്ലെന്ന്‌ കാട്ടി കിടങ്ങന്നൂര്‍ വിളനാക്കത്തറ പുത്തന്‍വീട്ടില്‍ പ്രമോദ്‌ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ പാലക്കാട്ട്‌ കൊല്ലം ആയൂര്‍ ആക്കല്‍ ഷാജു വിലാസത്തില്‍ ശാലിനിയെ പൊലീസ്‌ അറസുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രമോദ് തന്നെ ഉപദ്രവിച്ചിരുന്നു എന്നും അതിനാലാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നും ശാലിനി മൊഴിനല്‍കി. തുടര്‍ന്ന് കോടതി ശാലിനിയെ വിട്ടയച്ചു.

വീണ്ടും പരാതി, വീണ്ടും അറസ്റ്റ്

ശാലിനിയെ കോടതി വിട്ടയച്ചത് അറിഞ്ഞ പ്രമോദ് ഉടനെ മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്റെ മൂന്നുലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണവും തട്ടിയെടുത്താണ് ശാലിനി മുങ്ങിയത് എന്നാണ് പ്രമോദിന്റെ പുതിയ പരാതി. തുടര്‍ന്ന്‌ ശാലിനിയെ പൊലീസ് വീണ്ടും അറസ്റ്റ്‌ ചെയ്തു. ഈ കേസില്‍ ചൊവ്വാഴ്ചയാണ് ശാലിനിയെ പൊലീസ് കോടതിയില്‍ ഹാജരാക്കുക.

മൊത്തം 5 ഇരകള്‍, പ്രമോദ് നാലാമത്തെ ഇര

പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ശാലിനിക്ക്‌ അഞ്ചു ഭര്‍ത്താക്കന്‍മാര്‍. ഇവരില്‍ എല്ലാവരും പറ്റിക്കപ്പെട്ടു എങ്കിലും കിടങ്ങന്നൂര്‍ സ്വദേശി പ്രമോദും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കുമ്പനാട്ടുകാരനും മാത്രമാണ് ശാലിനിക്കെതിരെ പരാതി നല്‍‌കാന്‍ തയ്യാറായത്. ശാലിനിയുടെ ഏറ്റവും പുതിയ ഇര ആലത്തൂര്‍ സ്വദേശിയാണ്. ശാലിനിയെ പൊലീസ് പൊക്കിയതോടെ തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആദ്യഭര്‍ത്താവ്‌ ഉണ്ണികൃഷ്‌ണന്‍ ഗള്‍ഫിലാണെന്നറിയുന്നു. രണ്ടാമത്തെ ഭര്‍ത്താവ്‌ ചെന്നൈ സ്വദേശി ബേബി.

ആദ്യ ഭര്‍ത്താവിനെ ആങ്ങളയാക്കിയ ശാലിനി

ശാലിനിയും ആദ്യ ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ക്രിമിനലുകള്‍ ആണെന്ന് കുമ്പനാട്‌ സ്വദേശി വെളിപ്പെടുത്തുന്നു. താന്‍ കോടീശ്വരിയാണെന്നും തന്റെ അമ്മ മരിച്ചതിനെത്തുടര്‍ന്നു റിട്ടയേഡ് മേജറായ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചെന്നും എന്നാല്‍ രണ്ടാനമ്മയ്ക്ക് തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ താന്‍ ആ ബന്ധം ഒഴിഞ്ഞെന്നുമാണ് ശാലിനി ഇയാളോട് പറഞ്ഞത്. ശാലിനിയുടെ ഭര്‍ത്താവായ ഉണ്ണിക്കൃഷ്ണന്‍ ശാലിനിയുടെ ‘ആങ്ങള’യെന്നു സ്വയം പരിചയപ്പെടുത്തി വിളിച്ചു ‘പെങ്ങളെ’ നന്നായി സംരക്ഷിക്കണമെന്ന് പറഞ്ഞതായി കുമ്പനാട്‌ സ്വദേശി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :