നടന്‍ മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ലഫ്റ്റനന്റ് കേണലായ ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും സുധീരന്‍ പറഞ്ഞു. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഇന്നസെന്റിനെ നടന്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതും വോട്ട് ചോദിച്ചതും വാര്‍ത്തയായതിന്റെ പശ്ചാത്തലത്തിലായിരുന്നു സുധീരന്റെ പ്രതികരണം. ഇന്നസെന്റിനു വേണ്ടി സിനിമാതാരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങുന്നത് യുഡിഎഫ് ക്യാമ്പില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നതിന്റെ പരസ്യ സാക്‍ഷ്യമായി സുധീരന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് വിഷമദ്യദുന്തമുണ്ടാക്കാന്‍ വ്യാജമദ്യലോബി ശ്രമിക്കുന്നതായും വി എം സുധീരന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് തത്കാലം പുതുക്കി നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് മദ്യലോബി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നടന്‍ ഇന്നസെന്റിനെ തനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ് അദ്ദേഹം. നല്ല നടനായ ഇന്നസെന്റ് സിനിമയിലും മികച്ച ജനപ്രതിനിധിയായ പി സി ചാക്കോ പാര്‍ലമെന്റിലും വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.