കൊച്ചി|
സജിത്ത്|
Last Modified ചൊവ്വ, 27 ജൂണ്‍ 2017 (15:53 IST)
പുതുവൈപ്പില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്. പൊലീസിന്റെ ഇടപെടല്‍ മൂലമാണ് പുതുവൈപ്പിനിലെ സമാധാന സമരം അക്രമാസക്തമായത്. പൊലീസ് നിയമം നടപ്പിലാക്കിയാല്‍ മാത്രം മതി. ആരെയും ശിക്ഷിക്കാന്‍ അവര്‍ക്ക് അധികാരമില്ലെന്നും ക്കമ്മീഷന്‍ വ്യക്തമാക്കി.
പൊലീസ് നടത്തിയ അതിക്രമം മറച്ചുവക്കാനാണ് അവിടുത്തെ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് അവര്‍ പറയുന്നത്. അതിക്രമത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടായിരുന്നെന്ന വാദം അവര്‍ മുന്നോട്ടു വച്ചത്. പൊലീസിന്റെ ലാത്തിച്ചാര്‍ജിനെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിക്കുന്നത് ശരിയല്ലെന്നും മനുഷ്യാവകാശ കമ്മീഷന് പറഞ്ഞു.
ഹൈക്കോടതിയില്‍ പ്രതിഷേധവുമായി എത്തിയ സമരക്കാര്‍ക്കെതിരെ നരനായാട്ട് നടത്തിയ യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തുവാനും മനുഷ്യാവകാശ കമ്മീഷന് തീരുമാനിച്ചു. അടുത്തമാസം 17ന് ഹാജരാകണമെന്നാണ് യതീഷ് ചന്ദ്രയോട് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ചുളള വിശദീകരണം പത്രികയായി നല്‍കണമെന്നും കമ്മീഷന് അറിയിച്ചു.