‘തച്ചങ്കരി: ചട്ടലംഘനം നടത്തിയവന്‍’

തിരുവനന്തപുരം| WEBDUNIA|
PRO
വിദേശയാത്ര നടത്തി വിവാദത്തിലായ ഐ ജി ടോമിന്‍ തച്ചങ്കരി ചട്ടലംഘനം നടത്തിയവനാണെന്ന് സര്‍ക്കാര്‍. തച്ചങ്കരിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാ‍ക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ഒരു സ്വകാര്യവാര്‍ത്താചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

തച്ചങ്കരി ചട്ടലംഘനം പതിവാക്കിയ ആളാണെന്നും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് തച്ചങ്കരി വിദേശത്ത് പോയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൈയെടുത്താണ് തച്ചങ്കരിക്കെതിരായ സത്യവാങ്മൂലം തയ്യാറാക്കിയത്. വിദേശയാത്ര കഴിഞ്ഞെത്തിയിട്ടും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് തച്ചങ്കരി നടത്തിയതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

ചീഫ് സെക്രട്ടറിക്ക് യാത്ര സംബന്ധിച്ച വിശദീകരണങ്ങള്‍ അറിയിച്ചു കൊണ്ട് എഴുതിയെന്ന് പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. നേരത്തെയുള്ള തീയതിയില്‍ എഴുതിയ കത്താണ് ചീഫ് സെക്രട്ടറിക്ക് നല്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിദേശയാത്രാ വിവാദത്തില്‍ തച്ചങ്കരിയുടെ ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടും‌. മറ്റ്‌ ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ വഴി സ്വന്തം തെറ്റിനെ ന്യായീകരിക്കാനാവില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മാസം 15ന് ആയിരുന്നു ഡി ജി പി വിശദീകരണം നല്കിയത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ റേഞ്ച് ഐ ജി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.

തന്നെ സസ്പെന്‍ഡ് ചെയ്തതിനെ ചോദ്യം ചെയ്ത്‌ ഐജി ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി നല്കിയിരുന്നു. ഇതിനെ തുടര്‍ന്ന് തച്ചങ്കരിയുടെ സസ്പെന്‍ഷനില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന വിശദീകരണത്തിലാണ് തച്ചങ്കരിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :