‘കോടതിയോടുള്ള കളി അനുവദിക്കാനാവില്ല’

ന്യൂഡല്‍ഹി| WEBDUNIA|
കോടതിയോടുള്ള കളി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഗോള്‍ഫ് ക്ലബ് കേസില്‍ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുമതി നല്കിയാണ് സുപ്രീംകോടതി ഇത്തത്തില്‍ പരാമര്‍ശം നടത്തിയത്.

രാജാവിനെക്കാള്‍ വലിയ രാജ്യഭക്തിയാണ്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കെന്ന് കേരള ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം നീക്കിക്കിട്ടാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്‌ നിവേദിത സുപ്രീംകോടതിയെ സമീപിച്ചത്‌.

തുടര്‍ന്ന് കേസില്‍ നിരുപാധിക മാപ്പപേക്ഷ നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിവേദിത സമര്‍പ്പിച്ച മാപ്പപേക്ഷ നിരുപാധികമല്ലെന്ന്‌ കഴിഞ്ഞ ജനുവരി 28ന്‌ സുപ്രീംകോടതി വ്യക്തമാക്കി. പുതുക്കിയ മാപ്പപേക്ഷ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

എന്നാല്‍, തിങ്കളാഴ്ച കേസ്‌ പരിഗണിക്കവേ മാപ്പപേക്ഷ നല്‍കുന്നതിന്‌ പകരം, ഹൈക്കോടതി പരാമര്‍ശം നീക്കാനുള്ള ഹര്‍ജി പിന്‍വലിക്കാന്‍ നിവേദിതയുടെ അഭിഭാഷന്‍ അപേക്ഷ നല്‍കി. നിരുപാധിക മാപ്പപേക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത നിവേദിതയെ രൂക്ഷമായി വിമര്‍ശിച്ചശേഷമാണ്‌ ഹര്‍ജി പിന്‍വലിക്കാന്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധയും ആര്‍ വി രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ അനുമതി നല്‍കിയത്‌. തുടര്‍ന്ന് കോടതിയുടെ അതൃപ്തി രേഖപ്പെടുത്തി ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :