‘കേരളമോചനയാത്ര‘ - കോണ്‍ഗ്രസിന്‍റെ സ്വന്തം യാത്ര

തിരുവനന്തപുരം| WEBDUNIA|
PRO
നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സംസ്ഥാനത്തെ യു ഡി എഫ് നയിക്കുന്ന കോണ്‍ഗ്രസിന്‍റെ യാത്രയെന്ന് ഘടകകക്ഷികള്‍ക്ക് പരാതി. ചില ഘടകകക്ഷിനേതാക്കള്‍ തന്നെയാണ് കേരളമോചനയാത്രയിലെ കോണ്‍ഗ്രസ് ആധിപത്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കേരളമോചനയാത്ര മധ്യകേരളം പിന്നിട്ടെങ്കിലും യു ഡി എഫില്‍ ഐക്യം കൂടുന്നതിനു പകരം ഭിന്നത വര്‍ദ്ധിച്ചിരിക്കുകയാണ്. യാത്രയില്‍ മാത്രമല്ല യാത്രയുടെ കാര്യം വിളംബരം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകളിലും കോണ്‍ഗ്രസ് ആധിപത്യമാണ്. ഘടകകക്ഷികള്‍ തങ്ങളുടെ കാര്യം പറയാന്‍ വേറെ ബോര്‍ഡ് സ്ഥാപിക്കുന്നത് വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് എമ്മും നേരത്തെ സ്വന്തം നിലയില്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യു ഡി എഫ് ഒറ്റക്കെട്ടായി യാത്ര നടത്താമെന്ന തീരുമാനത്തെ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ യാത്രകള്‍ ഉപേക്ഷിക്കുകയായിരുന്നു. ഓരോ ജില്ലയിലും മോചനയാത്രയുടെ ഉദ്ഘാടനവും സമാപനവും ഘടകക്ഷികള്‍ക്കാണെങ്കിലും കോണ്‍ഗ്രസ് അത് കൈവശം വെച്ചിരിക്കുകയാണെന്നാണ് ഘടകകക്ഷികള്‍ ആരോപിക്കുന്നത്. മലബാറില്‍ ലീഗ് ഒരുവിധം സഹകരിച്ചെങ്കിലും തങ്ങളുടെ അതൃപ്തി നേതൃത്വത്തെ നേരിട്ടുതന്നെ അവര്‍ അറിയിച്ചു കഴിഞ്ഞു.

പലപ്പോഴും അസ്വാരസ്യങ്ങള്‍ പാളയത്തില്‍ നിന്ന് പുറത്തുവരുന്നുമുണ്ട്. ഇ അഹമ്മദിന് കാബിനറ്റ് പദവി നല്കാത്തതിനെതിരെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നതും യു ഡി എഫ് വേദിയില്‍ തന്നെയാണ്. യു ഡി എഫിന്‍റെ കേരളമോചനയാത്ര എന്നാണ് യാത്രയുടെ പേരെങ്കിലും മുഴുവന്‍ കാര്യങ്ങളും കോണ്‍ഗ്രസ് ഏറ്റെടുത്ത് നടത്തുകയാണെന്നാണ് ഘടകകക്ഷികള്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ആസ്ഥാനമായ ഇന്ദിരാഭവനു മുന്നില്‍ ഒരു ബോര്‍ഡുപോലുമില്ലെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, മുന്നണിയിലെ പ്രധാനകക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം, ഘടകക്ഷികളുടെ നേതാക്കന്മാര്‍ക്ക് അതൃപ്തിയുണ്ടെങ്കിലും പ്രാദേശികനേതൃത്വങ്ങള്‍ കേരളമോചനയാത്ര വിജയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :