‘ഓട്ടോയില്‍ തട്ടിക്കൊണ്ടു പോകല്‍' വിവാഹം മുടക്കാനുള്ള യുവതിയുടെ നുണക്കഥ

കൊല്ലം| WEBDUNIA|
PRO
ഓട്ടോറിക്ഷയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം മറ്റു വിവാഹാലോചനകള്‍ മുടക്കാനായി യുവതിതന്നെ ഒരുക്കിയ നാടകമെന്ന് പൊലീസ് കണ്ടെത്തി. സഹപാഠിയായ യുവാവുമായി പ്രണയത്തിലായിരുന്ന യുവതി മറ്റു വിവാഹാലോചനകള്‍ മുടക്കാനായി കള്ളക്കഥ മെനയുകയായിരുന്നെന്ന് പൊലീസിനോടു സമ്മതിച്ചു. തെറ്റായ മൊഴി ന​ല്‍കിയതിനും അന്വേഷണം വഴി​തെറ്റിച്ചതിനും യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

നഗരത്തില്‍ സദാ ജാഗരൂകമായിരിക്കുന്ന തങ്ങളുടെ ക്യാമറക്കണ്ണുകളെ വെട്ടിച്ച് നഗരമധ്യത്തില്‍ നിന്നും ഒരു തട്ടി​കൊണ്ടു​പോകല്‍ സാദ്ധ്യമായതെങ്ങനെയെന്ന് പൊലീസിന് തുടക്കം മുതലേ സംശയം തോന്നിയിരുന്നു. ക്യാമറ ദൃശ്യങ്ങളില്‍ ഒന്നും തന്നെ സംശയാസ്പദമാ‍യി കണ്ടിരുന്നില്ല.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാ​മു​കനെ ചോദ്യം ചെയ്തതോടെയാണ് കേസ് വഴിത്തിരുവില്‍ എത്തിയത്. തട്ടിയെടുത്തെന്ന് യുവതി പറഞ്ഞ മൊബൈല്‍ ഫോണിനെപ്പറ്റിയായി അന്വേഷണം. രണ്ടു സിം ഉപയോഗിക്കാവുന്ന ഫോണാണെന്നാണ് കണ്ടെത്തിയത്. പക്ഷേ രണ്ടാമത്തെ നമ്പര്‍ ആര്‍ക്കും അറിയില്ലായിരുന്നു.

യുവതി രണ്ടും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരിയില്‍ നിന്ന് പൊലീസ് മനസിലാക്കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ രഹസ്യ​നമ്പര്‍ കണ്ടെത്തി. കേരളത്തില്‍ സര്‍വീസ് നിര്‍ത്തിയ ഒരു മൊബൈല്‍ കമ്പനിയുടേതായിരുന്നു ഈ നമ്പര്‍.

അതിന്റെ കോള്‍ഡീറ്റയില്‍സില്‍ ഒരു നമ്പരിലേക്ക് മാത്രം കോളുകളും എസ്എംസുകളും, വോയ്‌സ് കോളുകളും സമയ വ്യത്യാസമില്ലാതെ ധാരാളം പോയതായി കണ്ടു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം എത്തിയത് കാമുകനിലാണ്.

രണ്ട് മതങ്ങളില്‍ പെട്ടതാണ് ഇവര്‍. തട്ടിക്കൊണ്ടു പോകല്‍ നാടകം വിജയിച്ചാല്‍, വിവാഹം കഴിക്കാന്‍ പിന്നെ ആരും വരില്ലെന്ന് യുവതി കരുതിയിരുന്നു. മാര്‍ച്ച് 20ന് വൈകിട്ട് യുവതി വിളിച്ച് ചിലത് പദ്ധതിയിട്ടുണ്ടെന്നും എന്തെങ്കിലും കേട്ടാല്‍ വിഷമിക്കരുതെന്നും ര​ണ്ടു​മൂ​ന്ന് ദിവസത്തേയ്ക്ക് കാണാനോ, സംസാരിക്കാനോ സാധിക്കില്ലെന്നും അറിയിച്ചിരുന്നുവത്രെ.

പിടിവലിക്കിടയില്‍ ഏറ്റതായി പറയപ്പെടുന്ന പോറലുകള്‍ സ്വയം സൃഷ്ടിച്ചതാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ ​കണ്ടെത്തിയിരുന്നു. യുവതി ഒരു കെഎസ്ആര്‍ടിസി ബസില്‍ കയറി തിരുവനന്തപുരത്തേയ്ക്ക് ടിക്കറ്റ് എടുത്തു.

എന്നാല്‍ വഴിക്കു വച്ച് വീട്ടുകാരെ ഓര്‍ത്തപ്പോള്‍ വിഷമം ഉണ്ടായി. അങ്ങനെ കല്ലമ്പലത്ത് ഇറങ്ങി. ഇറങ്ങും​മുമ്പ് ചാത്തന്നൂര്‍ കഴിഞ്ഞുള്ള ഏതോ സ്ഥലത്ത് തന്റെ സ്വര്‍ണ്ണാഭരണങ്ങളും, പഴ്‌സും കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. കല്ലമ്പലത്ത് ഇറങ്ങി വേഷങ്ങള്‍ അലങ്കോലമാക്കു​കയും, മുറിപ്പാടുകള്‍ സ്വയം ഉണ്ടാക്കുകയും ചെയ്ത ശേഷം വഴിയാത്രക്കാരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു

മൊബൈല്‍ഫോണ്‍ ഉപേക്ഷിച്ച​നിലയില്‍ കല്ലമ്പലത്ത് നിന്നും, ബാഗും മറ്റും തമ്പാനൂരില്‍ നിന്നും കണ്ടെടുത്തു. മൊഴിയില്‍ സംശയം ഉണ്ടായിരുന്നെങ്കിലും അനാവശ്യ ​ചോദ്യങ്ങള്‍ ചോദിക്കു​ന്നുവെന്ന് പരാതി ​യ​ര്‍​ന്ന​തോ​ടെ യു​വ​തി​യെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പൊലീസ് പിന്മാറി.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശ​പ്രകാരം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ദേബേഷ്‌​കുമാര്‍ ബഹ്രയുടെ മേല്‍നോട്ടത്തില്‍ അസി കമ്മിഷണര്‍ ബി കൃഷ്ണകുമാര്‍, കൊല്ലം ഈ സ്റ്റ്‌ സി ഐ. വി സുഗതന്‍,​ എ​സ് ഐ ജി ഗോപ​കുമാര്‍, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :