ഹസന്റെ രാജി: പ്രശ്നം നെല്ലിയാമ്പതിയോ പി സി ജോര്‍ജോ?

പി സി ജോര്‍ജ്‌ നടത്തിയ അഭിപ്രായപ്രകടനങ്ങളോട്‌ തനിക്ക് യോജിപ്പില്ലെന്ന് ഹസന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നെല്ലിയാമ്പതി എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് യു ഡി എഫ് രൂപീകരിച്ച ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എം എം ഹസന്‍ അറിയിച്ചു. വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഒരു സംഘം യുഡിഎഫ്‌ എംഎല്‍എമാര്‍ വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോട ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഈ സാഹചര്യത്തിലാണ്‌ തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് ഉപസമിതിയെ എം എല്‍ എമാര്‍ ആക്ഷേപിച്ചതോടെ അതിന്റെ വിശ്വാസ്യത നഷ്ടമായി. ഇത്‌ യുഡിഎഫ്‌ നേതൃത്വത്തോടുള്ള വെല്ലുവിളിയാണ്. അതിനാലാണ് രാജിവയ്ക്കുന്നത്. ഉപസമിതിയുടെ കണ്‍വീനര്‍ ചുമതലയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന്‌ തീരുമാനിച്ചതായും രാജി മാത്രമാണ്‌ പ്രതിവിധിയെന്നും ഹസന്‍ പറഞ്ഞു.

പി സി ജോര്‍ജ്‌ നടത്തിയ അഭിപ്രായപ്രകടനങ്ങളോട്‌ തനിക്ക് യോജിപ്പില്ല. കമ്മിറ്റിയിലെ ബാക്കിയുള്ളവരുടെ കാര്യം തനിക്കറിയില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനത്തിന്‌ യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ അംഗീകാരമില്ലെന്നും ഹസന്‍ പറഞ്ഞു.

ഇതോടെ നെല്ലിയാമ്പതി പ്രശ്നം യു ഡി എഫില്‍ വീണ്ടും ചൂടുള്ള ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അതേസമയം, നെല്ലിയാമ്പതി സന്ദര്‍ശിക്കാനുള്ള ഒരു വിഭാഗം യു ഡി എഫ് എം എല്‍ എമാരുടെ തീരുമാനത്തിന് പിന്നില്‍ നെല്ലിയാമ്പതി പ്രശ്നമാണോ പ്രതാപനെതിരായ പി സി ജോര്‍ജിന്റെ പ്രസ്താവനയാണൊയെന്ന് വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :