ഹരിഹരവര്‍മ്മ വധം; മുഖ്യ സൂത്രധാരന്‍ തലശേരിക്കാരന്‍, കൂട്ടു പ്രതികള്‍ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രത്നവ്യാപാരിയായിരുന്ന ഹരിഹര വര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തലശേരി സ്വദേശി ജിതേഷാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍. കോഴിക്കോട്‌ കുറ്റ്യാടി സ്വദേശി അജീഷ്‌, ജിതേഷിന്റെ ബന്ധുവും ബാംഗ്ലൂരില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയുമായ രാഗില്‍, ചാലക്കുടി സ്വദേശിയും ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയുമായ രാഗേഷ്‌, കൂര്‍ഗില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ജോസഫ്‌ എന്നിവരാണ്‌ പിടിയിലായ കൂട്ടുപ്രതികള്‍. സംഭവവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ്‌ അറിയിച്ചു.

ഹരിഹര വര്‍മ്മ വില്‍ക്കാന്‍ ശ്രമിച്ചത് അമൂല്യ രത്നങ്ങളായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
വര്‍മയില്‍ നിന്ന്‌ രത്നങ്ങള്‍ തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി വന്‍‌ പദ്ധതികളാണ് പ്രതികള്‍ തയ്യാറാക്കിയിരുന്നത്.

ജോസഫ് എത്തിയത് കര്‍ണടക മന്ത്രിയുടെ മകനെന്ന വ്യാജേന

പ്രതികളില്‍ ഒരാളായ ജോസഫ് സംഘത്തില്‍ ചേരുന്നത് അയാളുടെ ഇംഗ്ലീഷ് നൈപുണ്യം കൊണ്ടായിരുന്നു. കര്‍ണാടക മന്ത്രിയുടെ മകനെന്ന വ്യാജേനയാണ് ജോസഫ് ഹരിഹര വര്‍മ്മയെ പരിചയപ്പെടുന്നത്. വര്‍മ്മ കൊല്ലപ്പെട്ട ദിവസം ഇദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ ഹരിദാസിന്റെ മകളുടെ പേരിലുള്ള ഞെട്ടയം പൂത്തൂര്‍കോണത്തെ വീട്ടില്‍ പ്രതികള്‍ എത്തുകയായിരുന്നു. ഇതിന് മുന്‍പെ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഇവര്‍ എറണാകുളത്ത് വീട് വാടകയ്ക്ക് എടുത്തിരുന്നു.

തുടര്‍ന്ന് രത്നത്തിന്റെ വിലയെക്കുറിച്ച് സംസാരിക്കാനാണ് പ്രതികള്‍ കൊലനടന്ന വീട്ടില്‍ എത്തിയത്. സംസാരിക്കുന്നതിനിടെ പ്രതികള്‍ തങ്ങളുടെ കൈയ്യില്‍ കരുതിയ ജ്യൂസ് വര്‍മ്മയ്ക്ക് നല്‍കുകയായിരുന്നു. ഇതിനുശേഷം വര്‍മ്മയെയും അഭിഭാഷകനെയും ബലപ്രയോഗത്തിലൂടെ കീഴടക്കി കൈയില്‍ കരുതിയിരുന്ന ക്ലോറോഫോം മണപ്പിച്ച്‌ ബോധം കെടുത്തുകയായിരുന്നു. എന്നാല്‍ ഇതിനിടെ വര്‍മ്മ മരിക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് എത്തും മുന്‍പ് ലോക്കല്‍ പൊലീസ് പ്രതികളെ പിടികൂടി

അന്വേഷണം ഇഴയുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡി ജി പി കെ എസ്‌ ബാലസുബ്രഹ്മണ്യന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെയാണ്‌ പൊലീസ്‌ പ്രതികളെ പിടികൂടിയത്‌.

ഹരിഹര വര്‍മ്മ മാവേലിക്കര രാജ കുടുംബാംഗമാണെന്ന വാര്‍ത്തകളാണ്‌ നേരത്തെ പുറത്തുവന്നത്‌. എന്നാല്‍ ഇക്കാര്യം രാജകുടുംബം നിഷേധിക്കുകയാണ്‌ ഉണ്ടായത്‌. ഇതോടെ ഇയാളുടെ കുടുംബ പാരമ്പര്യവും പോലീസിന്‌ അന്വേഷിക്കേണ്ടി വന്നിരുന്നു.

മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പരിധി നോക്കി പൊലീസ്‌ പിടിക്കാതിരിക്കാനായി വ്യാജപേരില്‍ സംഘടിപ്പിച്ചിരുന്ന മൊബെയില്‍ ഫോണാണ്‌ പ്രതികള്‍ ഉപയോഗിച്ചിരുന്നത്. സംഭവദിവസം ഇവര്‍ മൊബെയില്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. എങ്കിലും അന്വേഷണ സംഘം നടത്തിയ ആസൂത്രിതമായ നീക്കത്തില്‍ പ്രതികള്‍ കുടങ്ങുകയായിരുന്നു.

ഡിസംബര്‍ 24നാണ്‌ തിരുവനന്തപുരം പുതൂര്‍ക്കോണത്ത്‌ ഹരിദാസ്‌ എന്നയാളുടെ മകളുടെ വീട്ടില്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ടത്‌. രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ വിലയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ ക്ലോറോഫോം മണപ്പിച്ച്‌ ശേഷം ഹരിഹരവര്‍മയെ കൊലപ്പെടുത്തിയെന്നാണ്‌ ഹരിദാസ്‌ പൊലീസിനു മൊഴി നല്‍കിയിരുന്നത്‌.

ഹരിദാസും മകന്‍ ഹരീഷ്കുമാറും ഫേയ്സ്ബുക്ക്‌ മുഖേന നടത്തിയ രത്നവ്യാപാരത്തിന്റെ വിശദാംശങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു. 300 കോടി രൂപയുടെ രത്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കവേയാണ്‌ ഹരിഹര വര്‍മ്മ കൊല്ലപ്പെട്ടതെന്ന്‌ ആദ്യം വാര്‍ത്തകള്‍ പുറത്തു വന്നത്‌. എന്നാല്‍ പിന്നീട്‌ ഈ രത്നങ്ങള്‍ വ്യാജമാണെന്ന്‌ പോലീസിന്‌ തെളിവു ലഭിച്ചിരുന്നു. ഹരിഹര വര്‍മ്മയെന്ന പേരും വ്യാജമാണെന്ന്‌ കഴിഞ്ഞദിവസത്തെ അന്വേഷണത്തില്‍ നിന്നും പൊലീസിന്‌ വ്യക്തമായിരുന്നു.

ഹരിഹരവര്‍മ്മയെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ഇയാള്‍ക്ക്‌ രണ്ട്‌ ഭാര്യമാര്‍ ഉണ്ടായിരുന്നതായും പൊലീസിന്റെ അന്വേഷണത്തില്‍ വെളിച്ചത്തുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :