സ്വര്‍ണക്കപ്പിനായി ചാനലുകളും; ഒടുവില്‍ കപ്പ് രണ്ടായി

കോഴിക്കോട്‌| WEBDUNIA|
PRO
മത്സരിച്ചു ജയിച്ചതിനേക്കാള്‍ പാടായിരുന്നു കലാകേരളത്തിന്‍റെ സുവര്‍ണകിരീടം നേടിയ കോഴിക്കോടിന് മത്സരശേഷം നേരിടേണ്ടി വന്നത്. സംസ്ഥാന സ്കൂള്‍ യുവജനോത്സവസത്തിലെ ഒന്നാം സ്ഥാനക്കാരെ ആദ്യം സ്റ്റുഡിയോയിലെത്തിക്കാന്‍ മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ തമ്മില്‍ മത്സരിച്ച് മുന്നേറിയപ്പോള്‍ കോഴിക്കോടിന് ലഭിച്ച സ്വര്‍ണകപ്പിന്‍റെ മാതൃക രണ്ട് കഷണമായി മുറിഞ്ഞു.

സ്വര്‍ണ കപ്പ് ഏറ്റുവാങ്ങി പുറത്തിറങ്ങിയ കോഴിക്കോട് ടീം അംഗങ്ങളെ കൈയ്യോടെ സ്റ്റുഡിയോയിലെത്തിക്കാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് പിടിവലിയില്‍ കലാശിച്ചത്. ഇതിനിടെ ചാനല്‍ പോരിലേക്ക് ക്ഷണിക്കാത്ത അതിഥികളായി നാട്ടുകാര്‍ കൂടി എത്തിയതോടെ മാനാഞ്ചിറ മൈതാനം യുദ്ധക്കളമായി. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാ‍ന്തമാക്കിയത്.

മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലിന്‍റെ സ്റ്റുഡിയോയിലേക്ക് സ്വര്‍ണകപ്പ് ജേതാക്കളെ എത്തിക്കാനായി ചാനല്‍ പ്രവര്‍ത്തകര്‍ രംഗത്തു വന്നത് ‘ജനങ്ങളുടെ ചാനലു‘കാര്‍ തടഞ്ഞതോടെയാണ് സ്വര്‍ണകപ്പിനായി പിടിവലി തുടങ്ങിയത്. ഒടുവില്‍ ജനങ്ങളുടെ കൈക്കരുത്തിനു മുന്നില്‍ ആദ്യ ചാനലുകാര്‍ കീഴടങ്ങി നില്‍‌ക്കവെയാണ് മറ്റൊരു ചാനലിന്‍റെ ക്യാമറാമാന്‍ ‘നിര്‍ഭയം’ കപ്പില്‍ പിടുത്തമിട്ടത്.

വീണ്ടും പിടിവലി തുടങ്ങും മുന്‍പേ രണ്ട് കഷണമായി ‘കപ്പ്’ കീഴടങ്ങി. കപ്പ് രണ്ടായതോടെ അത്രയും നേരം എല്ലാറ്റിനും സാക്ഷികളായി നിന്ന നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ കൈവിട്ട കളിയാകുമെന്ന് കണ്ട പൊലീസ് രംഗം ശാന്തമാക്കാനായി ഇടപെട്ടു. അപ്പോഴേക്കും കപ്പിന്‍റെ പകുതിയുമായി റിപ്പോര്‍ട്ടര്‍മാര്‍ സ്റ്റുഡിയോയിലേക്ക് പാഞ്ഞു കഴിഞ്ഞിരുന്നു.

ആദ്യം വാര്‍ത്ത നല്‍കിയതിന്‍റെ അവകാശവാദം ഉന്നയിക്കാന്‍. മലയാളം വാര്‍ത്താ ചാനലുകളുടെ ‘മത്സര’ റിപ്പോര്‍ട്ടിംഗ് അവസാനം മത്സരിച്ചുള്ള റിപ്പോര്‍ട്ടിംഗിലേക്ക് വഴിമാറുന്നത് കണ്ട് കലാകേരളം നാണിച്ചു തലകുനിച്ചു. കലോത്സവ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമങ്ങളെ ‘മാധ്യമകുഞ്ഞുങ്ങള്‍’ എന്ന് വിളിച്ച് കളിയാക്കിയത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്ന പ്രകടനമായിരുനു ചാനലുകളുടേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :