നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ കാറില്‍ ദേശീയപതാക കെട്ടിയത് തലതിരിച്ച്. ഇതിന്റെ പടമെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. വാക്കേറ്റത്തിനും കയ്യേറ്റത്തിനുമിടയില് പതാക വലിച്ചുകീറുകയും ചെയ്തു.
ഒറ്റപ്പാലം എന്‍ എസ് എസ് ട്രെയിനിംഗ് കോളേജ് യൂണിയന് ഉദ്ഘാടനത്തിനെത്തിയ സ്പീക്കറുടെ കാറില്‍ ദേശീയപതാക തലതിരിച്ചു കെട്ടിയതു കണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുകയായിരുന്നു. ദേശീയപതാക തലതിരിച്ചു കെട്ടിയതിന്റെ ഫോട്ടോയെടുക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചപ്പോള്‍ സ്പീക്കറുടെ ഡ്രൈവറും പി എയും ചേര്‍ന്നു തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരും യൂത്ത് കോണ്‍ഗ്രസ്സും അടിപിടിയായി. ഇതിനിടയില്‍ ഡ്രൈവര്‍ പതാക വലിച്ചുകീറി.
ഇതോടെ സംഘര്‍ഷം രൂക്ഷമായി. യൂത്ത് കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം മുഴക്കി കാറിനു സമീപം നിലയുറപ്പിച്ചു. പിന്നീട് എം ഹംസ എം എല്‍ എ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണു പ്രതിഷേധക്കാര്‍ പിന്മാറിയത്.