സ്ഥലംമാറ്റം: ഒടുവില്‍ മന്ത്രിയുടെ കുറ്റസമ്മതം

കൊച്ചി| WEBDUNIA| Last Modified ശനി, 5 ജൂണ്‍ 2010 (11:32 IST)
PRO
ഡോക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവില്‍ അപാകതകള്‍ ഉണ്ടെന്ന്‌ ആരോഗ്യമന്ത്രി പി കെ ശ്രീമതി സമ്മതിച്ചു. അപാകതകള്‍ പരിഹരിച്ച്‌ പുതിയ ഉത്തരവ്‌ ഇന്ന്‌ വൈകിട്ട്‌ തന്നെ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ സ്ഥാനക്കയറ്റം നല്‍കി സ്ഥലംമാറ്റം നടപ്പാക്കിയത്‌. അതുകൊണ്ടാണ്‌ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നത്‌. വര്‍ഷങ്ങളായി ഒരു സ്ഥലത്തുതന്നെയിരിക്കുന്ന ഡോക്ടര്‍മാര്‍ മറ്റു സ്ഥലത്തേയ്ക്ക്‌ പോകാന്‍ വിസമ്മതിക്കുകയാണ്‌.

ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുമെന്ന്‌ കണ്ടാണ്‌ സ്ഥലംമാറ്റം നടത്തിയത്‌. ഇതില്‍ ചില അപാകതകള്‍ ഉണ്ടാകാം. ഇത്‌ പരിഹരിക്കും. മന്ത്രി പറഞ്ഞു. ആയിരത്തിലേറെ ഡോക്ടര്‍മാരെ ഒറ്റയടിക്ക്‌ സ്ഥലം മാറ്റിയ സര്‍ക്കാര്‍ ഉത്തരവോടെ പല ആശുപത്രികളിലും ഡോക്ടര്‍മാരില്ലാതായതോടെ രോഗികള്‍ ദുരിതത്തിലായിരുന്നു.

ആശുപത്രി സൂപ്രണ്ടുമാരടക്കം 1,155 ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയ ഉത്തരവ്‌ മേയ്‌ 30നാണു ആരോഗ്യവകുപ്പ്‌ ഇറക്കിയത്. ഉത്തരവും കൈപ്പറ്റി ചുമതലയൊഴിഞ്ഞ പല ഡോക്ടര്‍മാരും പുതിയ സ്ഥലത്ത്‌ ചുമതലയേറ്റെടുത്തിരുന്നില്ല.

ഇഷ്ടമില്ലാത്തിടത്തേക്ക്‌ മാറ്റം കിട്ടിയവര്‍ അവധിയെടുക്കുകയും ചെയ്തിരുന്നു.അപാകതകള്‍ പരിഹരിക്കാതെയും അന്യായ സ്ഥലം മാറ്റങ്ങള്‍ പിന്‍വലിക്കാതെയും സര്‍ക്കാര്‍ ഉത്തരവ്‌ കണക്കിലെടുക്കേണ്ടതില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :