സ്ത്രീകള്‍ക്ക് നിര്‍ഭയമായി ഏതു നേരത്തും യാത്ര ചെയ്യാന്‍ കഴിയണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവേചനരഹിതമായി ജീവിക്കാനുള്ള പരിശീലനം ലഭ്യമാകണം; തന്‍റെ വീക്ഷണങ്ങള്‍ വെളിപ്പെടുത്തി പിണറായി വിജയന്‍

സ്ത്രീകള്‍ക്ക് ഭീതിരഹിതമായി സംവദിക്കാനുള്ള സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല: പിണറായി

Pinarayi Vijayan, VS, Mammootty, Jayarajan, Lalitha, Rajeev, Oommenchandy, പിണറായി വിജയന്‍, വി എസ്, മമ്മൂട്ടി, ജയരാജന്‍, രാജീവ്, ലളിത, ഉമ്മന്‍‌ചാണ്ടി
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (15:28 IST)
സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സമൂഹത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയാണ് പ്രധാനമായും പോസ്റ്റ് ചര്‍ച്ച ചെയ്യുന്നത്. പൊതുസ്ഥലത്തെ ടോയ്‌ലറ്റ് പ്രശ്നം മുതല്‍ സ്ത്രീകളുടെ യാത്രാ സുരക്ഷയെപ്പറ്റിയും സ്കൂളുകളിലെ ആണ്‍‌കുട്ടി - പെണ്‍കുട്ടി വിവേചനത്തെപ്പറ്റിയുമൊക്കെ പോസ്റ്റില്‍ പറയുന്നു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളുടെ / പൊതുജനങ്ങളുടെ ടോയിലറ്റ് പ്രശ്നം സജീവമായി ചര്‍ച്ച ചെയ്യുന്നത് സഖാക്കള്‍ ശ്രദ്ധയില്‍ പെടുത്തി. നിരവധി അഭിപ്രായ പ്രകടനങ്ങളും നിര്‍ദേശങ്ങളും കണ്ടു. നിലവില്‍ നമ്മുടെ നാട്ടില്‍ പൊതു ടോയിലറ്റുകളുടെ അവസ്ഥയും എണ്ണവും ദയനീയമാണ്. വളരെ ഗൌരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണിത്.

പൊതുസ്ഥലത്തെ ടോയില്റ്റ വിഷയം മാത്രമല്ല, കേരളത്തിലെ മിക്ക കോളേജുകളിലും സ്കൂളുകളിലും ഇതൊരു പ്രധാന പ്രശ്നമായി ഉണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളും സ്ത്രീസൗഹൃദമാകണം. ശുചിയായ ടോയിലറ്റുകള്‍, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, സ്വയം പ്രതിരോധത്തിനുള്ള പരിശീലനങ്ങള്‍, ആരോഗ്യ പരിപാലന സൗകര്യങ്ങള്‍ എന്നിവ വിദ്യാലയങ്ങളില്‍ ഉറപ്പാക്കണം.

ചെറുപ്രായത്തിലേ ആണ്‍ കുട്ടികളും പെണ്‍കുട്ടികളും വിവേചന രഹിതമായും സൗഹൃദപരമായും ജീവിക്കാനുള്ള പരിശീലനം ലഭ്യമാകണം. ഇതിനു രക്ഷിതാക്കള്‍, അധ്യാപകര്‍, മറ്റ് മുതിര്‍ന്നവര്‍ എന്നിവരുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുമ്പോള്‍ തന്നെ ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധാപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാകണം.

സ്ത്രീകള്‍ക്ക് നിര്‍ഭയമായി ഏതു നേരത്തും യാത്ര ചെയ്യാനും സ്വതന്ത്രമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഭീതിരഹിതമായി സംവദിക്കാനും കഴിയുന്ന സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല. അത്തരം സാഹചര്യമാണ് സാധ്യമാകേണ്ടത്.

ബൂര്‍ഷ്വാ കച്ചവട താല്‍പര്യങ്ങളുടെ ഫലമായി പൊതു ഇടങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കാനും അരാഷ്ട്രീയവല്‍ക്കരിക്കാനും നടക്കുന്ന നീക്കങ്ങള്‍ ഗുരുതരമായി ബാധിക്കുക സ്ത്രീകളെയാണ്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തിയുമുള്ള സമീപനത്തിലൂടെ മാത്രമേ സന്തുലിത വികസനവും പുരോഗതിയും സാദ്ധ്യമാവുകയുള്ളൂ. ജെന്റര്‍ ഓഡിറ്റിങ്ങും ജെന്റര്‍ ബജറ്റിങ്ങും പുനസ്ഥാപിക്കപ്പെടണം. പൊതു സ്ഥലങ്ങളും വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്ത്രീ സൗഹൃദം ഉറപ്പാക്കുന്നകേന്ദ്രങ്ങളാകണം.

ഞങ്ങള്‍ മുന്നോട്ടു വെക്കുന്ന നവകേരള വികസന പരിപ്രേക്‍ഷ്യം സ്ത്രീ സ്വത്വത്തെ അംഗീകരിക്കുന്നതും ലിംഗനീതി ഉറപ്പാക്കുന്നതും കൂടുതല്‍ സ്ത്രീ സൗഹൃദപരവും സന്തുലിതവുമാണ്. ഈ വിഷയം നാലാമത് അന്താരാഷ്‌ട്ര പഠന കോണ്‍ഗ്രസ്സിനോടനുബന്ധിച്ചും നവ കേരള മാര്‍ച്ചിന്റെ പര്യടനത്തിനിടെയും സജീവമായി ചര്‍ച്ച ചെയ്തതാണ്.

സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ക്രിയാത്മക ചര്‍ച്ച ഉയര്ന്നു വരുന്നത് അഭിനന്ദനീയമാണ്. ഈ അഭിപ്രായങ്ങളും നിര്ദേ‍ശങ്ങളും തീര്ച്ചയായും സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് ഉപകാരപ്രദമാകും വിധം സ്വീകരിക്കപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :