സൌരോര്‍ജ്ജം വാങ്ങല്‍ നടപടി കര്‍ശനമാക്കും

കൊച്ചി| WEBDUNIA|
PRO
PRO
സൌരോര്‍ജ്ജ ഉല്പാദന ഉപഭോഗം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് 2013-14 മുതല്‍ ലൈസന്‍സികളുടെ സൌരോര്‍ജ്ജം വാങ്ങല്‍ നടപടി കര്‍ശനമാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. ഇതനുസരിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2013-14 മുതല്‍ക്കും മറ്റു ലൈസന്‍സികള്‍ 2014-15 മുതല്‍ക്കും ഉപഭോഗത്തിന്റെ 0.25 ശതമാനം വീതം സൌരോര്‍ജ്ജ വൈദ്യുതി വാങ്ങി നല്‍കണം.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന് 2013-14 ഉം മറ്റു ലൈസന്‍സികള്‍ക്ക് 2014-15 ഉം അടിസ്ഥാനവര്‍ഷമായി കണക്കാക്കും. വൈദ്യുതി ബോര്‍ഡും മറ്റ് ലൈസന്‍സികളും അവരുടെ വൈദ്യുതി വിതരണ പരിധിക്കുളളിലെ വാര്‍ഷിക ഉപഭോഗത്തിന്റെ മൂന്ന് ശതമാനത്തില്‍ കുറയാതെ പാരമ്പര്യേതര വൈദ്യുതി വാങ്ങേണ്ടതാണെന്നും ഇതിന്റെ 10 ശതമാനം വീതം ഓരോ ലൈസന്‍സിയും പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കേണ്ടതാണെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിഷ്കര്‍ഷിച്ചിരുന്നു.

നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അതു കൂടി പരിഹരിച്ച് തൊട്ടടുത്ത വര്‍ഷം കമ്മീഷന്റെ അനുമതിയോടുകൂടി വ്യവസ്ഥകള്‍ പൂര്‍ണ്ണമായും നടപ്പാക്കേണ്ടതാണ്. എന്നാല്‍ അനുമതിക്കായി ഇതുവരെ ആരും സമീപിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷന്‍ നടപടി കര്‍ശനമാക്കുന്നത്. സൌരോര്‍ജ്ജ വൈദ്യുതി വാങ്ങല്‍ നടപടി കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ട് സൂക്ഷ്മ നിരീക്ഷണം നടത്തി യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :