സോളാറിലെ ഹൈക്കോടതി വിധി നിയമവാഴ്ചയെ തകര്‍ക്കുന്നതെന്ന് വി‌എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ കേസിലെ ഹൈക്കോടതി വിധി നിയമവാഴ്ചയെ തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പൊതുതാല്‍പര്യ ഹര്‍ജിയിലെ ഹൈക്കോടതി വിധി, മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ പ്രഹസനമാക്കും. കോടതിയുടെ പരിഗണനയില്‍ വരാത്ത കാര്യങ്ങള്‍ വിധിയില്‍ പറയുന്നു. കേസ് അന്വേഷണം പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ വിധി സഹായിക്കുമെന്നും വിഎസ് ആരോപിച്ചു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് വിഎസിന്റെ പ്രതികരണം. എങ്ങനെ അന്വേഷണം വേണമെന്നത് അന്വേഷണ സംഘത്തിന്റെ സ്വാതന്ത്ര്യമാണെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ സത്യവാങ്മൂലത്തില്‍ സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിജു രാധാകൃഷ്ണനും സരിത എസ് നായരും അല്ലാതെ മറ്റൊരാളും വഞ്ചനാക്കുറ്റം ചെയ്തതായി പരാതിയില്ല. 2012 ജൂണ്‍ 6ന് സോളാര്‍ പദ്ധതിയുടെ കരാര്‍ സംബന്ധിച്ച് ശ്രീധരന്‍ നായരും സരിതയും ചര്‍ച്ച നടത്തുകയും ജൂണ്‍ 25ന് കരാര്‍ ഒപ്പിടുകയും ചെയ്തു. പദ്ധതി സംബന്ധിച്ച് ഉറപ്പ് ലഭിച്ചതിന് ശേഷമായിരിക്കും കരാര്‍ ഒപ്പിട്ടതെന്നും കോടതി നിരീക്ഷിക്കുന്നു. പിന്നെയെങ്ങനെ ഒരുമാസം കഴിഞ്ഞ് മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതനുസരിച്ച് ഒപ്പിട്ടെന്നും പറയാനാകും. അതിനാല്‍ 2012 ജൂലൈ 9ന് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന് പറയുന്നതിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ല.

സരിതയുമായി ബിസിനസ്സില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രി ശ്രീധരന്‍ നായരെ പ്രോത്സാഹിപ്പിച്ചെന്നതിന് കോടതിക്ക് മുമ്പില്‍ തെളിവില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ബിസിനസ്സ് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്താലും അത് വഞ്ചനാകുറ്റത്തിന്റെ പരിധിയില്‍ വരുന്ന ക്രിമിനല്‍ കുറ്റമല്ലെന്നും വിധി ന്യായത്തില്‍ പറയുന്നു. കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :