സോളാര്‍, സരിത പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് കെ മുരളീധരന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ഇതുണ്ടാവുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യുഡിഎഫും കോണ്‍ഗ്രസും ഒന്നിച്ചു പോകണമെന്ന് സോണിയ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോളാര്‍,​ മുസ്ളീംലീഗ് അടക്കമുള്ള വിഷയങ്ങളില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകും. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും മുരളീധരന്‍ പറഞ്ഞു.

'വികസനോത്സവത്തെ സരിതോത്സവമാക്കി മാറ്റിയത് ആരാണെന്ന് കണ്ടെത്തണം. സന്തത സഹചാരികളാണ് എപ്പോഴും പ്രശ്‌നക്കാര്‍' -മുരളീധരന്‍ പറഞ്ഞു.ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ പ്രശ്നങ്ങളുമായി മുന്നോട്ട് പോകാനാവില്ല. ചാരക്കേസില്‍ കെ കരുണാകരനു ലഭിച്ചതിനേക്കാള്‍ പിന്തുണ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ലഭിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

മുസ്ളീംലീഗിനെതിരായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഒന്നും പറഞ്ഞിട്ടില്ല. സികെജിയുടെ പരാര്‍മശം ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. ലീഗിനെതിരെ പരുഷമായ വാക്കുകള്‍ ഉപയോഗിച്ചത് വേദന മൂലമാണ്. ദിവസക്കൂലി പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു. അതിലീഗിന് മന:പ്രയാസമുണ്ടായെങ്കില്‍ പരാമര്‍ശം പിന്‍വലിക്കാം. ആശയപരമായ ഭിന്നതകള്‍ ഉണ്ടെങ്കില്‍ കോണ്‍ഗ്രസും ലീഗും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചാല്‍ ജനങ്ങള്‍ പഴയതെല്ലാം മറന്നുപോകുമെന്ന് കരുതരുത്. 2004 ലെ അനുഭവം എല്ലാവരുടെയും മനസ്സിലുണ്ടാകണമെന്നും മുരളീധരന്‍ പറഞ്ഞു.സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. കേസില്‍ കുറ്റക്കാരായവരെ കണ്ടെത്തേണ്ടത് പൊലീസാണ്. നേതൃമാറ്റം അജണ്ടയില്‍ ഇല്ലെന്നും മുരളി പറഞ്ഞു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :