സോളാര്‍ കേസ്: ടെനി ജോപ്പന്‍ അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ടെനി ജോപ്പനെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂരിലെ ഡി വൈ എസ് പി ഓഫീസില്‍ നടത്തിയ അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ജോപ്പനെ അറസ്റ്റ് ചെയ്തത്. ജോപ്പനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സന്തത സഹചാര്യയായിരുന്ന ജോപ്പന്‍ സോളാര്‍ അഴിമതിക്കേസില്‍ പങ്കാളിയായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്. ജോപ്പനെതിരെ വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി എ ഹേമചന്ദ്രന്‍ അറിയിച്ചു. ചോദ്യം ചെയ്യലിനോട് സഹചരിച്ച ജോപ്പന്റെ മറുപടികള്‍ സോളാര്‍ അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോളാര്‍ അഴിമതിയില്‍ നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ജോപ്പന്‍ കൂട്ടുനിന്നു എന്നതിനുള്ള തെളിവാണ് ലഭിച്ചിരിക്കുന്നത്. സോളാര്‍ അഴിമതിയില്‍ പിടികിട്ടാത്ത ഉന്നതര്‍ക്ക് സഹായം ചെയ്തത് ജോപ്പാനാണെന്നാണ് പൊലീസിന്‍റെ ഭാഷ്യം. ഇത്തരത്തില്‍ കൂടുതല്‍ തെളിവുകള്‍ ജോപ്പനെതിരെ ലഭിച്ചതിനാല്‍ അറസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ കത്ത് വ്യാജമായി നിര്‍മ്മിച്ചതില്‍ ജോപ്പന് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോപ്പന്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് കൂടുതല്‍ കരുത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന്‍ നായരുടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ ജോപ്പനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 40 ലക്ഷം രൂപ തട്ടിച്ചു എന്നാണ് പരാതി. പാലക്കാട്ട് സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ശ്രീധരന്‍ നായരെ വിളിച്ചുവരുത്തി ജോപ്പനും സരിതയും ഇടപാട് ഉറപ്പിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :