തിരുവനന്തപുരം |
M. RAJU|
Last Modified വെള്ളി, 11 ജൂലൈ 2008 (09:31 IST)
സുനാമി പുനരധിവാസ പദ്ധതിയില്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ 11,000 വീടുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി റവന്യു മന്ത്രി കെ.പി.രാജേന്ദ്രന് അറിയിച്ചു.
സുനാമി പുനരധിവാസ ഭവന നിര്‍മ്മാണ പദ്ധതി സംബന്ധിച്ച ശില്പശാലയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009 ഫെബ്രുവരിയോടെ വീടുകളുടെ പണി പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭവന നിര്‍മ്മാണ വകുപ്പ് വീടുകളുടെ നിര്‍മ്മാണത്തിന്റെ മോണിറ്റിറിങ് ചുമതല നിര്‍വ്വഹിക്കും.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നോഡല്‍ ഏജന്‍സിയായിരിക്കും. ഹാബിറ്റാറ്റ് ഗ്രൂപ്പ്, ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ക്വയിലോണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ആലപ്പി ഡയോസിഷ്യന്‍ ചാരിറ്റബിള്‍ സൊസൈറ്റി, കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്, എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കോട്ടപ്പുറം കിഡ്സ്, തൃശൂര്‍ അവാര്‍ഡ്, കേരളാ ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്പ്പറേഷന്, രാജഗിരി ഔട്ട് റീച്ച് സര്‍വ്വീസ് സൊസൈറ്റി, തമിഴ്നാട്ടിലെ പി.എസ്.കെ.എഞ്ചിനീയറിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നീ പതിനൊന്ന് ഏജന്‍സികളെയാണ് വീടുകളുടെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
കൂടാതെ തിരുവനന്തപുരത്ത് ബീമാപള്ളയില്‍ ഭവനനിര്‍മ്മാണ ബോര്‍ഡും ആറാട്ടുപുഴയില്‍ ജില്ലാ നിര്‍മ്മിതികേന്ദ്രവും വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. ആലപ്പാട് പഞ്ചായത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന 250 വീടുകളില്‍ 150 വീടുകളുടെ താക്കോല്‍ദാനം ഓഗസ്റ്റില്‍ നടക്കും.
പുനരധിവാസ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒന്‍പത് തീരദേശ ജില്ലകളിലായി മൊത്തം 200 ഏക്കറിലധികം സ്ഥലം ഇതിനായി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.