സുധീരന്റെ മന്നം സമാധി സന്ദര്‍ശനം: വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മന്നം സമാധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രശ്‌നം ഇരുവരും ചേര്‍ന്ന് പരിഹരിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം സുധീരന്‍ തന്നെ പരിഹരിച്ചുകൊള്ളുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്നം സമാധിയില്‍ അതിക്രമിച്ച് കയറിയെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന വേദനിപ്പിച്ചെന്നും തെറ്റിദ്ധാരണ മൂലമാണ് സുകുമാരന്‍ നായര്‍ അങ്ങനെ പറഞ്ഞതെന്നാണ് മനസിലാക്കുന്നതെന്നും ഇന്നലെ വി എം സുധീരന്‍ പറഞ്ഞിരുന്നു.

മന്നം സമാധി ദിനത്തില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ വി എം സുധീരന്‍ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്താത്തിരുന്നത് വലിയ വിവാദമായിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പത്ത് മിനിട്ടോളം സുധീരന്‍ എന്‍എസ്എസ് ആസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും സുകുമാരന്‍ നായര്‍ സുധീരനെ കാണാന്‍ തയ്യാറായില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചുവെന്നും പത്ത് മിനിട്ട് പോലും തന്നെ കാത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

സുകുമാരന്‍ നായരുടെ പരാമര്‍ശത്തെ വി ഡി സതീശനും വി ടി ബല്‍റാം എംഎല്‍എയുമടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഇടപെടരുതെന്നും സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :