അനീഷ് രാജന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് അനുകൂലമായി മൊഴിനല്‍കിയില്ലെങ്കില്‍ വധിക്കുമെന്ന് സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി കേസിലെ മുഖ്യ സാക്ഷി രാജു. ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം പി എന്‍ വിജയന്റെ നേതൃത്വത്തില്‍ മൂന്നു പേരാണു ഭീഷണിപ്പെടുത്തിയതെന്നും രാജു പറഞ്ഞു.
അനീഷിനെ ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തുന്നത് കണ്ടെന്ന് പറയണമെന്ന് സി പി എം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരുടെ പേരു പറഞ്ഞില്ലെങ്കില്‍ ചാക്കില്‍ കെട്ടി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും രാജു പറഞ്ഞു.
അനീഷ് കൊല്ലപ്പെട്ട സ്ഥലത്തിനടുത്തു കട നടത്തുന്ന രാജുവിനെ കേസില്‍ പൊലീസ് പ്രത്യേക സാക്ഷിയാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സാക്ഷി പറയണമെന്ന് സി പി എം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ആരെയും കണ്ടിട്ടില്ലെന്നും ശബ്ദം മാത്രമേ കേട്ടിട്ടുള്ളുവെന്നും അതിനാല്‍ കോടതിയിലും ഇങ്ങനെയെപറയുകയുള്ളെന്നും പറഞ്ഞപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് രാജു പറഞ്ഞു.
ഭീഷണിയെത്തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന രാജു താനിനി നാട്ടിലേക്കില്ലെന്ന് പറഞ്ഞു. എവിടെപ്പോയാലും തിരികെ നാട്ടിലെത്തുമ്പോള്‍ കൊല്ലുമെന്നാണ് ഭീഷണിയെന്നും രാജു പറഞ്ഞു. ഭീഷണിയെക്കുറിച്ച് പൊലീസിനോടു പരാതിപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.