സിന്ധു ജോയി സിപിഎം വിട്ടേക്കും

തിരുവനന്തപുരം| WEBDUNIA|
PRO
എസ്‌എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കുമെന്ന് ഉറപ്പായതോടെ സമരമുഖങ്ങളില്‍ സി പി എമ്മിന്‍റെ തീപ്പൊരിയായിരുന്ന സിന്ധു ജോയി പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. നിരന്തരം വിവാദങ്ങളുണ്ടാക്കുകയും സംഘടനാ ചട്ടങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി സിന്ധു ജോയിക്കെതിരെ അച്ചടക്ക നടപടിക്ക്‌ ഒരുങ്ങുന്നത്.

ഈ മാ‍സം 11, 12 തീയതികളില്‍ കൊച്ചിയില്‍ നടന്ന എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ പദവിയില്‍ നിന്ന്‌ സിന്ധുജോയിയെ ഒഴിവാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സംഘടനയുടെ ദേശീയ നേതൃത്വം തീരുമാനിച്ചത്‌. എസ്‌എഫ്‌ഐയുടെ ദേശീയ വനിതാ സബ്‌ കമ്മിറ്റി കണ്‍വീനറായിരുന്ന സിന്ധുവിനെ ആ പദവിയില്‍ നിന്നു നീക്കുകയും ചെയ്തിരുന്നു.

അടുത്തബന്ധുവിന്റെ വിവാഹത്തെ തുടര്‍ന്ന്‌ ബാംഗ്ലൂരിലായതിനാലാണ്‌ കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്നായിരുന്നു സിന്ധു ജോയി നല്‍കിയ വിശദീകരണം. സമീപകാലത്തു തന്നെ പാര്‍ട്ടി വേണ്ടവിധം പരിഗണിച്ചില്ല എന്നും സിന്ധുവിന് പരാതിയുണ്ട്. നിയമസഭാ പോരാട്ടത്തില്‍ ഉമ്മന്‍ ചാണ്ടിക്കും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനും എതിരായി മല്‍സരിക്കാന്‍ തള്ളിവിട്ട ശേഷം പാര്‍ട്ടി ഒരു പരിഗണനയും നല്‍കിയില്ലെന്നാണ് സിന്ധു പറയുന്നത്. രണ്ടു തിരഞ്ഞെടുപ്പുകളിലും ഭേദപ്പെട്ട മല്‍സരം കാഴ്ചവച്ച അവര്‍ക്കു രാജ്യസഭാ സീറ്റ്‌ പ്രതീക്ഷ ഉണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സിന്ധു കഴിഞ്ഞ ഏതാനും മാസങ്ങളായി
ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ നിന്നും അവര്‍ ഒഴിഞ്ഞുനില്‍ക്കുകയാണ്‌. ഇതിനിടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി ചില നേതാക്കള്‍ മധ്യസ്ഥശ്രമവും തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നു സമീപകാലത്തു വളര്‍ന്നുവന്ന ഏറ്റവും ശ്രദ്ധേയയായ വനിതാ നേതാവ് എന്ന നിലയില്‍ സിന്ധുവിനെ പൂര്‍ണമായും തഴയാന്‍ പാര്‍ട്ടിക്കും ബുദ്ധിമുട്ടുണ്ട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :