സിനിമയായിരുന്നു സുകുമാരിയമ്മയുടെ ജീവിതം. താരങ്ങള്‍ മക്കളും. ആറു പതിറ്റണ്ടോളം നീളുന്ന അഭിനയ സപര്യയില്‍ തെന്നിന്ത്യയിലെ എല്ലാ താരങ്ങളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന കലാകാരിയായിരുന്നു സുകുമാരി. എല്ലാവരോടും മാതൃനിര്‍വിശേഷമായ സ്നേഹത്തോടെയായിരുന്നു സുകുമാരിയുടെ പെരുമാറ്റം. ഒരുകാലത്തും ആ സ്നേഹത്തിന് കുറവുണ്ടായിട്ടില്ല. അതുപോലെ തന്നെ അപവാദങ്ങളില്‍നിന്ന് എന്നും അകന്നിരുന്നു ആ അമ്മ. കാരണം ആ വ്യക്തിത്വത്തെക്കുറിച്ച് അറിയാതെ പോലും ഒരു കുറ്റം പറയാതിരിക്കാന്‍ എന്നും അടുപ്പമുള്ളവര്‍ ശ്രദ്ധിച്ചിരുന്നു.
തന്റെ പെരുമാറ്റത്തെക്കുറിച്ച് സുകുമാരി തന്നെ ഒരിക്കല്‍ പറഞ്ഞു, “രാഗിണി, പത്മിനി സഹോദരിമാരുടെ കുടുംബത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. അതുകൊണ്ട് തന്നെ അവരുടെ പേരിന് ഒരു കളങ്കം വരാതിരിക്കാന്‍ ഞാന്‍ എന്നും ശ്രദ്ധിച്ചിരുന്നു. എന്റെ അമ്മ എന്നെ അങ്ങനെയാണ് ചെറുപ്പത്തിലെ ശീലിപ്പിച്ചിരിക്കുന്നത്”. എന്നും ഹൃദയലാളിത്യവും ഭക്തിയും മുഖമുദ്രയായിരുന്നു.
മക്കളോടെന്ന പോലെയായിരുന്നു ആ അമ്മ സൂപ്പര്‍താരങ്ങളുടെ അടുത്തുപോലും പെരുമാറിയിരുന്നത്. അവര്‍ക്ക് തിരിച്ചും അതുപോലെയായിരുന്നു. മലയാളസിനിമയൊന്നാകെ ഒരുപോലെ ദു:ഖത്തിലാഴ്ത്താന്‍ പോവുന്നതായിരുന്നു ആ വിയോഗവാര്‍ത്ത. ആ നിമിഷം എല്ലാവരുമൊന്നാകെ ഓര്‍ത്തിരിക്കുക സുകുമാരിയമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാവും, “ഞാന്‍ എത്രയോ താരങ്ങളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ മക്കളാണ്. നാളെ ഞാനില്ലാതെയാലും ഈ മക്കളെല്ലാം വരും എന്നെ കാണാന്‍. ഏത് അമ്മയ്ക്കുണ്ട് ഈ ഭാഗ്യം”