സിഗരറ്റിന് വേണ്ടി ഇരട്ടക്കൊലപാതകം, പ്രതിക്ക് തൂക്കുകയര്‍
ആലപ്പുഴ|
WEBDUNIA|
PRO
സിഗരറ്റിന്റെ പേരില്‍ രണ്ടുപേരെ കുത്തിക്കൊന്ന പ്രതിക്ക് വധശിക്ഷ. ഉമ്പര്‍നാട് വലിയവിളയില്‍ സന്തോഷ് കുമാറിനെ(35)യാണ് അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സിഗരറ്റ് കടം കൊടുക്കാത്തതിന്റെ പ്രതികാരമായി സ്റ്റേഷനറി കടയുടമയെയും ബന്ധുവിനെയും സന്തോഷ് കൊലപ്പെടുത്തി എന്നതാണ് കേസ്. കടയുടമയായ മാവേലിക്കര പോനകം സുരേഷ് ഭവനില്‍ സുരേഷ്കുമാറിനെ(34) ഭാര്യയുടെ മുമ്പിലിട്ടാണ് സന്തോഷ് കുത്തിക്കൊന്നത്. നിലവിളി കേട്ടെത്തിയ ബന്ധു പ്രസന്നനെയും(33) സുരേഷ് കൊലപ്പെടുത്തി.
2006 ജൂണ്‍ 24നായിരുന്നു നാടിനെ നടുക്കിയ സംഭവം. രാത്രിയില്‍ കട അടയ്ക്കുന്ന സമയമായപ്പോള്‍, സിഗരറ്റ് വേണമെന്ന ആവശ്യവുമായി സന്തോഷ് കടയിലെത്തുകയായിരുന്നു. എന്നാല്‍ 50 പൈസയെങ്കിലും തരാതെ സിഗരറ്റ് നല്‍കാനാവില്ലെന്ന് സന്തോഷ് പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ സന്തോഷും സുരേഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
പിന്നീട് രാത്രി ഏറെ വൈകി സുരേഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സന്തോഷ് കുത്തുകയായിരുന്നു. ഭാര്യ സതിയുടെ മുമ്പിലിട്ടാണ് സുരേഷിനെ സന്തോഷ് ആക്രമിച്ചത്. സുരേഷിന്റെ ബന്ധുവായ പ്രസന്നന് ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഓടിയിറങ്ങി വന്നപ്പോള്‍ പ്രസന്നനെയും സന്തോഷ് കുത്തിവീഴ്ത്തി.
ജഡ്ജി എം ആര് അനിതയാണ് ഈ കേസില്‍ സന്തോഷ്കുമാറിന് വധശിക്ഷ വിധിച്ചത്.