സി പി എമ്മിന് 95 സീറ്റ്, സി പി ഐക്ക് 27

തിരുവനന്തപുരം| WEBDUNIA|
PRO
യു ഡി എഫില്‍ സീറ്റ് നിര്‍ണയം സംബന്ധിച്ച് കലാപത്തീയുയരുമ്പോള്‍ ഇടതുമുന്നണിയില്‍ ഘടകകക്ഷികള്‍ സീറ്റു നിര്‍ണയത്തില്‍ ഏകദേശ ധാരണയിലെത്തി. 95 സീറ്റില്‍ സി പി എം മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്ന വിവരം. രണ്ടാമത്തെ പ്രധാനകക്ഷിയായ സി പി ഐക്ക് 27 സീറ്റില്‍ മത്സരിക്കാനാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലാണ് മത്സരിച്ചത്. അവര്‍ക്ക് മൂന്ന് സീറ്റ് അധികം നല്‍കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. നിലമ്പൂര്‍, ഇരിക്കൂര്‍, ഏറനാട് മണ്ഡലങ്ങളാണ് സി പി ഐക്ക് അധികമായി ലഭിക്കുക. ഈ സീറ്റ് നിര്‍ണയത്തില്‍ സി പി ഐ നേതൃത്വം തൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീറ്റുകളുടെ എണ്ണം കൂട്ടാനായി എന്നതുതന്നെ പ്രധാന നേട്ടമായി സി പി ഐ കരുതുന്നു. അതുപോലെ മുമ്പ് സീറ്റ് ഇല്ലാതിരുന്ന കണ്ണൂരിലും പത്തനംതിട്ടയിലും സി പി ഐക്ക് ഇത്തവണ സീറ്റ് ലഭിക്കും. കണ്ണൂരിലെ ഇരിക്കൂറിലും പത്തനംതിട്ടയിലെ അടൂരിലുമാണ് സി പി ഐ മത്സരിക്കുക. പത്തനംതിട്ടയില്‍ കോന്നി മണ്ഡലമാണ് ആദ്യം സി പി ഐക്കായി തീരുമാനിച്ചതെങ്കിലും അടൂര്‍ മതിയെന്ന് സി പി ഐ അറിയിക്കുകയായിരുന്നു.

അതേസമയം ചില വിട്ടുവീഴ്ചകള്‍ക്കും സി പി ഐ തയ്യാറായി. ആലപ്പുഴയില്‍ അവര്‍ വേണ്ടെന്നു പറഞ്ഞിരുന്ന ഹരിപ്പാട് സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വേണമെന്ന് ആവശ്യമുന്നയിച്ചിരുന്ന ഇരിങ്ങാലക്കുട മണ്ഡലം വേണ്ടെന്നുവച്ച് തൃശൂരില്‍ മത്സരിക്കാനും സി പി ഐ തയ്യാറായിട്ടുണ്ട്.

എല്‍ ഡി എഫില്‍ നിലവില്‍ ആര്‍ എസ് പി മാത്രമാണ് സീറ്റ് നിര്‍ണയത്തിന്‍റെ കാര്യത്തില്‍ നേരിയ അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :