സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം: മാണി

തിരുവനന്തപുരം| WEBDUNIA|
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുസര്‍ക്കാരിന്‍റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണം. അധികാരത്തില്‍ ഇനിയും കടിച്ചു തൂങ്ങി നില്‍ക്കരുത്.

അഴിമതി, സിപിഎമ്മിലെ അഭിപ്രായ വ്യത്യാസം, പ്രത്യയശാസ്ത്ര തകര്‍ച്ച എന്നിവയാണ് എല്‍ഡിഎഫ് പരാജയത്തിനു കാരണം. കാലത്തിനനുസരിച്ചു മാറാന്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞതു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണെന്നും മാണി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. യു ഡി എഫിനും കേരള കോണ്‍ഗ്രസ് എമ്മിനും ഉജ്ജ്വല വിജയം ആണ് കൈവന്നിരിക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്ന മുഴുവന്‍ ബ്ലോക്കിലും ജയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് വലിയ കാര്യമല്ലെന്നും മാണി പറഞ്ഞു. പാലായില്‍ എല്ലാ വാര്‍ഡിലും ബി ജെ പിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നു. എന്നാല്‍, തന്‍റെ വാര്‍ഡില്‍ മാത്രം ബി ജെ പിക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ബി ജെ പി വോട്ട് ഇടതുമുന്നണിക്ക് മറിച്ചു നല്കി. അങ്ങനെയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തന്‍റെ വാര്‍ഡില്‍ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതു ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയമാണു കേരള കോണ്‍ഗ്രസ് നേടിയത്. ദേശീയ കക്ഷിയായ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല. ഭൂരിപക്ഷ- ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ യുഡിഎഫിനു പിന്നില്‍ അണിനിരന്നു. വര്‍ഗീയത പറഞ്ഞു കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ചീത്തയാണെന്നു പറയാന്‍ പുരോഹിതര്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ സിപിഎം തുറന്ന ചര്‍ച്ചയ്ക്കു തയാറാകണമെന്നും മാണി ആവശ്യപ്പെട്ടു.

മുമ്പേ കേരള കോണ്‍ഗ്രസ് ശക്തമാണെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ചു കൂടി ശക്തമായെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസിനെയും പിരിക്കാന്‍ നോക്കണ്ട എന്നായിരുന്നു മാണിയുടെ മറുപടി. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ ഊഷ്മളമായ ബന്ധമാണെന്നും പക്ഷേ സീറ്റ് കൂടുതല്‍ കിട്ടണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :