സര്‍ക്കാര്‍ പ്രതിനിധിയെ ശിഖണ്ഡിയെന്ന് വിളിച്ചിട്ടില്ല: ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 26 ജൂലൈ 2010 (13:39 IST)
PRO
പാതയോരത്തെ പൊതുയോഗം നിരോധിച്ച വിധിയില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ പ്രതിനിധിയെ ശിഖണ്ഡിയെന്നു വിളിച്ചിട്ടില്ലെന്നു ഹൈക്കോടതി. ചില മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കെതിരെ ഇന്ന് നിശിതവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.

വാദത്തിനിടെയുള്ള തന്‍റെ പരാമര്‍ശം ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നു ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയെയോ മറ്റ് ഉദ്യോഗസ്ഥരെയോ താന്‍ ശിഖണ്ഡിയെന്നു വിളിച്ചിട്ടില്ല. പൊതുവായ ഒരു പരാമര്‍ശനം നടത്തുക മാത്രമാണു ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ഇത്തരത്തില്‍ അവഹേളിക്കുന്നത് അപലപനീയമാണെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിനു പോലും ഇല്ലാത്ത താല്‍പര്യമാണ്‌ ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ക്കുള്ളത്‌. കോടതി നടപടികള്‍ മാധ്യമങ്ങള്‍ നാടകീയമാക്കുകയാണ് ചെയ്തത്. പാതയോരത്തെ പൊതുയോഗം നിരോധിച്ച വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വാദം പുനരാരംഭിക്കുന്നതിനു മുന്നോടിയായാണ്‌ ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ മാധ്യമങ്ങളെ വിമര്‍ശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :