സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: ടീകോം

ദുബായ്‌| WEBDUNIA| Last Modified ഞായര്‍, 22 ഫെബ്രുവരി 2009 (15:10 IST)
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായുള്ള ഭൂമി രജിസ്ട്രേഷന്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ടീകോം അധികൃതര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ സംബന്ധിച്ച് മന്ത്രി എസ്‌ ശര്‍മയുടെ പ്രതികരണം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ സ്മാര്‍ട്ട് സിറ്റി സിഇഒ ഡോ. ഫരീദ്‌ അബ്ദുള്‍ റഹ്‌മാന്‍, പദ്ധതിക്ക്‌ പുരോഗതിയുണ്ടാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന്‌ നന്ദിയുണ്ടെന്നും അറിയിച്ചു.

പദ്ധതി സംബന്ധിച്ച്‌ അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാനാവുമെന്ന് പ്രതീക്ഷയുണ്ട്. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കമ്പനി അധികൃതര്‍ കേരളത്തിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നും ടീകോം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ടീകോം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതാണ് പുതിയ ആശയക്കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ നിഷേധിച്ചുകൊണ്ട് ടീകോം അധികൃതര്‍ രംഗത്തെത്തിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീര്‍പ്പുണ്ടാക്കിയെങ്കില്‍ മാത്രമേ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകൂ എന്ന് സ്മാര്‍ട്ട് സിറ്റി സിഇഒ പറഞ്ഞിരുന്നു.

എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്കാവശ്യമായ ഭൂമി ആവശ്യമെങ്കില്‍ പത്തുമിനുട്ടിനുള്ളില്‍ ടീകോം കമ്പനിക്ക്‌ രജിസ്റ്റര്‍ ചെയ്ത്‌ നല്‍കാമെന്ന്‌ മന്ത്രി ശര്‍മ ഇന്നലെ പ്രസ്താവിച്ചു. ഭൂമി രജിസ്ട്രേഷന്‍ വൈകിപ്പിക്കുന്നതിന്‍റെ കാരണമെന്തന്ന്‌ ടീകോം വ്യക്‌തമാക്കണമെന്നും ടീകോം ആവശ്യപ്പെടുന്നപക്ഷം 10 മിനുട്ടിനുള്ളില്‍ രജിസ്ട്രേഷന്‍ നടത്തുമെന്നുമാണ് ശര്‍മ അറിയിച്ചത്. പാട്ടക്കരാര്‍ ഒപ്പിടുന്നതിനുള്ള തടസങ്ങള്‍ എല്ലാം നീങ്ങിയതായി ശര്‍മ ഇന്നും ആവര്‍ത്തിച്ചു.

ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്തുകൊണ്ട് ടീകോം വാര്‍ത്താക്കുറിപ്പിറക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :