സര്‍ക്കാരിന് ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാം: കോടതി

തിരുവനന്തപുരം| WEBDUNIA|
ഗോള്‍ഫ്‌ ക്ലബ്‌ ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന്‌ തിരുവനന്തപുരം ജില്ലാ കോടതി. ക്ലബ്‌ ഒഴിപ്പിക്കാന്‍ സര്‍ക്കാരിന്‌ അവകാശമുണ്ടെന്നും കോടതി വിധിച്ചു.

ഗോള്‍ഫ്‌ ക്ലബ്‌ സര്‍ക്കാര്‍ ഏറ്റെടുത്തത്‌ നിയമവിരുദ്ധമാണ്‌ എന്ന്‌ കാണിച്ച്‌ ആറ്‌ ക്ലബ്‌ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ “നിലവിലുള്ള സ്ഥിതി തുടരണം” എന്ന സബ്‌ കോടതി ഉത്തരവ്‌ തള്ളിക്കൊണ്ടാണ് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സബ്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. പുതിയ വിധി അനുസരിച്ച്, സര്‍ക്കാരിന്‌ ഗോള്‍ഫ്‌ ക്ലബ്‌ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകാവുന്നതാണ്.

നിയമപ്രകാരമുള്ള നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു കൊണ്ട്‌ ഗോള്‍ഫ്‌ ക്ലബ്‌ ഏറ്റെടുക്കാമെന്നുള്ള ഹൈക്കോടതി വിധി നിലനില്‍ക്കെ സബ്‌ കോടതിയുടെ ഉത്തരവ്‌ നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ഇത് ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു.

നിയമാനുസൃതമായ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :