സരിതയെ അറിയില്ല, ആ ഫോട്ടോ ഒരു പുതിയ കാര്യമല്ല: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:31 IST)
സരിതാ നായരെ അറിയില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫോട്ടോ ഒരു പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. സലിം‌രാജിന് വേണ്ടിയല്ല, ഡി ജി പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും വേണ്ടിയാണ് എ ജി ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് രണ്ട് ദിവസം അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സരിതയുമൊത്തുള്ള ഫോട്ടോയില്‍ പുതുമയൊന്നുമില്ല. അറസ്റ്റിലയശേഷം കടപ്ലാമറ്റത്തെ എന്‍റെ സഹപ്രവര്‍ത്തകര്‍, ഞാന്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ ഇവര്‍ വന്നിരുന്നതായി അറിയിച്ചിരുന്നു. അവര്‍ എ ഡി ബിയുടെയോ പി ആര്‍ ഡിയുടെയോ മറ്റോ പ്രതിനിധി ആയി അവിടെയുണ്ടായിരുന്നു. ഞാന്‍ ജൂലൈ മാസത്തില്‍ ഇക്കാര്യം ഒരു പൊതുവേദിയില്‍ വിശദമാക്കിയിരുന്നതാണ് - ഉമ്മന്‍‌ചാണ്ടി വിശദീകരിച്ചു.

സലിം രാജിനുവേണ്ടി എ ജി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഹാജരായിട്ടില്ല. ഡി ജി പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കുവേണ്ടിയാണ് എ ജി ഹാജരായത്. ഡി ജി പിക്ക് നടപ്പിലാക്കാന്‍ കഴിയാത്ത ഉത്തരവുണ്ടായപ്പോഴാണ് എ ജി അപ്പീല്‍ നല്‍കിയതെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

ജനാധിപത്യ സമരങ്ങളോട് ഈ സര്‍ക്കാര്‍ എന്നും കാണിച്ചിട്ടുള്ള ഒരു സമീപനമുണ്ട്. സഹിഷ്ണുതയോടെയുള്ള സമീപനമായിരുന്നു സര്‍ക്കാരിന്‍റേത്. ആര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അവസരം വരുമ്പോള്‍ സര്‍ക്കാരിന് സര്‍ക്കാരിന്‍റെ കടമ നിര്‍വഹിക്കേണ്ടി വരുന്നു. സെക്രട്ടേറിയറ്റിലേക്ക് ഒരാളെയും കടത്തിവിടില്ല എന്ന് പറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസേനയെ വിളിച്ചത് - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :