സമരം വിജയിപ്പിക്കാന്‍ നായ്ക്കുരണ

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്‌ കടന്നു. സമരത്തിന് ഇടത് മുന്നണി പിന്തുണ നല്‍കിയതോടെ സമരം ഇനിയും ശക്തമാകുമെന്നാണ് സൂചന. ഇതിനിടെ സമരത്തിനിടെ പലയിടത്തും സംഘര്‍ഷം ഉണ്ടായി. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്.

തൃശൂര്‍ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമരാനുകൂലികള്‍ നായ്ക്കുരണപ്പൊടി വിതറി‌. രാവിലെ സ്കൂളിലെത്തിയ എട്ടാം ക്ലാസിലെ 20 വിദ്യാര്‍ഥികള്‍ക്ക്‌ ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. ഇവര്‍ക്ക്‌ വൈദ്യസഹായം നല്‍കാന്‍ ഡോക്ടര്‍മാര്‍ സ്കൂളിലെത്തി.

കഴിഞ്ഞ ദിവസം പാലക്കാട്‌ മോയന്‍സ്‌ എല്‍പി സ്കൂളിലും പഠനം മുടക്കാന്‍ സമരാനുകൂലികളായ അധ്യാപകര്‍ നായ്ക്കുരണപ്പൊടി പ്രയോഗിച്ചിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട 11 വിദ്യാര്‍ഥികളെ ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

പട്ടാമ്പിയില്‍ പരീക്ഷ നടന്ന സ്കൂളിലേക്ക്‌ സമരക്കാര്‍ തള്ളിക്കയറിയത്‌ സംഘര്‍ഷത്തിനിടയാക്കി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഇന്റേണല്‍ പരീക്ഷ നടക്കുന്നതിനിടെയാണ്‌ സമരാനുകൂലികളായ ജീവനക്കാര്‍ സ്കൂളിലേക്ക്‌ തള്ളിക്കയറിയത്‌. സംഭവത്തില്‍ പി ടി എ പ്രസിഡന്റിന് മര്‍ദ്ദനമേറ്റു.

പെരിങ്ങളത്ത്‌ ഗവ സ്കൂളില്‍ എസ്‌എഫ്‌ഐ അക്രമത്തില്‍ വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സ്കൂള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം ഉഴമലയ്ക്കല്‍ എസ്‌എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും പട്ടം സെന്റ്‌ മേരീസ്‌ സ്കൂളിലും സംഘര്‍ഷം ഉണ്ടായി.

സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ എസ്‌ എഫ്‌ ഐ അനിശ്ചിതകാല പഠിപ്പു മുടക്ക്‌ ആരംഭിക്കുകയും ഡി വൈ എഫ്‌ ഐ സമരത്തിന്‌ സംരക്ഷണം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :