സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല: ധനമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പലരും പ്രചരിപ്പിക്കുന്നതുപോലെ സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഉളളത് സാമ്പത്തികബുദ്ധിമുട്ട് മാത്രമാണ്. സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന സാമ്പത്തികബാധ്യതകള്‍ തീര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളളയമ്പലം സബ്ട്രഷറിയുടെ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലെ സര്‍ക്കാര്‍ കെട്ടിടത്തിലുളള ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

1980-81 ല്‍ സ്ഥാപിതമായതു മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സബ്ട്രഷറിസര്‍ക്കാര്‍ കെട്ടിടത്തിലേയ്ക്ക് മാറുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ട്രഷറികള്‍ ആധുനികവത്കരണത്തിന്റെ പാതയിലാണ്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ക്ഷേമകേന്ദ്രമായി ട്രഷറികള്‍ ഇന്ന് മാറിയിട്ടുണ്ട്.

എല്ലാ ട്രഷറികളും കമ്പ്യൂട്ടറൈസ് ചെയ്തിട്ടുണ്ട്. വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 73 ട്രഷറികള്‍ ഘട്ടംഘട്ടമായി സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കും. പുതിയ 10 ട്രഷറികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നശേഷം അനുവദിച്ചു. 30 ട്രഷറികളുടെ കെട്ടിടനവീകരണം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. 328 സര്‍ക്കാര്‍ ഓഫീസുകള്‍ വെളളയമ്പലം സബ്ട്രഷറിയുടെ കീഴില്‍ വരുന്നതാണ്.

4,929 സ്ഥിരനിക്ഷേപങ്ങളും 843 എസ്.ബി. അക്കൗണ്ടുകളും വെളളയമ്പലം സബ്ട്രഷറി യിലുണ്ട്. പബ്ലിക് ഓഫീസ് കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. എം.എല്‍.എ. മാരുടെ ശമ്പളം ട്രഷറി വഴിയാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലാന്‍ഡ് റവന്യൂകമ്മീഷണര്‍ എം.സി. മോഹന്‍ദാസ് ട്രഷറീസ് ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :