ശ്രീവത്സം ഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധം; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

ശ്രീവൽസം ഗ്രൂപ്പിന്റെ ബന്ധങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (12:00 IST)
ശ്രീവൽസം ഗ്രൂപ്പിന്റെ ബന്ധങ്ങൾ സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദായ നികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിനും യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്കും ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. ഈ ആരോപണങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിനാണ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് കഴിഞ്ഞ ദിവസം യു.ഡി.എഫിനെതിരെ പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചത്. സി.പി.ഐയുടെ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനാണ് സി.പി.ഐ യു.ഡി.എഫിനെതിരെ ആരോപണം ഉന്നിച്ചതെങ്കിലും അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. യു ഡി എഫിലെ എല്ലാ മുന്‍മന്ത്രിമാരെയും സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടുകയെന്നതാണ് സി.പി.ഐയുടെ ലക്ഷ്യം. ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെ യു.ഡി.എഫിനെ കരിതേച്ച് കാണിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങളെന്നും ചെന്നിത്തല പ്രതികരിച്ചു‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :